പുത്തൂർ അണിഞ്ഞൊരുങ്ങുന്നു, ടൂറിസ്റ്റ് വില്ലേജാകാൻ
1483905
Monday, December 2, 2024 9:29 AM IST
സ്വന്തം ലേഖകൻ
പുത്തൂർ: കിഴക്കൻ മലയോരമേഖലയായ പുത്തൂർ വൻ വികസനക്കുതിപ്പിലാണ്. പുത്തൂരിന്റെ മുഖച്ഛായതന്നെ അടുത്ത ഒരുവർഷംകൊണ്ട് മാറിമറിയും.
കാർഷികഗ്രാമമായ പുത്തൂർ ഇന്ത്യയുടെതന്നെ വിനോദസഞ്ചാരഭൂപടത്തിൽ അറിയപ്പെടാൻ പോകുന്നതു സുവോളജിക്കൽ പാർക്കിന്റെ പേരിലാകും. പ്രദേശത്തെ കാർഷിക, സ്വയംതൊഴിൽ സംരംഭങ്ങളെയും വനിതകളുടെ തൊഴിൽമേഖലകളെയും മറ്റ് അനുബന്ധ ചെറുകിടവ്യവസായങ്ങളെയും പലമടങ്ങ് വികസിപ്പിക്കാവുന്ന സാധ്യതകളാണ് സുവോളജിക്കൽ പാർക്ക് തുറന്നിടുക. ഒപ്പം പുത്തൂരിനെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതികളും അണിഞ്ഞൊരുങ്ങുന്നു. പുത്തൂർ കായൽ ടൂറിസം, ഓലക്കയം വെള്ളച്ചാട്ടം എന്നിവയാണ് അനുബന്ധപദ്ധതികൾ.
79.07 ചതുരശ്ര കിലോമീറ്ററാണ് പുത്തൂരിന്റെ വിസ്തൃതി. പുത്തൂർ, കൈനൂർ, മാന്ദാമംഗലം, മരത്താക്കര വില്ലേജുകളാണ് പുത്തൂരിൽ ഉൾപ്പെടുന്നത്.
അഭിമാനം, സുവോളജിക്കൽ പാർക്ക്
ഇന്ത്യയിലെ ആദ്യത്ത ഡിസൈനർ മൃഗശാലയാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. പണികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയായി ഇതു മാറും. വനംവകുപ്പിന്റെ കീഴിലുള്ള ആദ്യമൃഗശാലയുമാണ് സുവോളജിക്കൽ പാർക്ക്. 350 ഏക്കർ സ്ഥലത്തു 300 കോടി രൂപ ചെലവിലാണ് സുവോളജിക്കൽ പാർക്ക് ഒരുക്കുന്നത്. ഒരുവർഷം 30 ലക്ഷം പേർ പാർക്ക് സന്ദർശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ.
പാർക്ക് തുറക്കാൻ
വൈകും
നേരത്തേ അറിയച്ചതിൽനിന്ന് വ്യത്യസ്തമായി, സുവോളജിക്കൽ പാർക്ക് തുറക്കാൻ അധികൃതർ തിരക്കുകൂട്ടില്ല. 2025 ഓഗസ്റ്റിനുശേഷമേ പാർക്ക് തുറക്കുകയുള്ളൂ. ഇവിടെ എത്തിക്കുന്ന വന്യജീവികൾ ആവാസവ്യവസ്ഥയോടു ചേർന്നുപോകാൻ കൂടുതൽ സമയം അനുവദിക്കുകയാണ് ലക്ഷ്യം. സന്ദർശകർക്കും മറ്റും തണലേകാൻ നട്ടിട്ടുള്ള മരങ്ങൾ അപ്പോഴേക്കും വളരും. റോഡ് പണികളും പൂർത്തിയാകും.
മൂന്നുഘട്ടങ്ങളിലായായിരുന്നു പാർക്കിന്റെ നിർമാണപ്രവൃത്തികൾ. ആദ്യഘട്ടജോലികൾ മുഴുവൻ പൂർത്തിയായി. രണ്ട്, മൂന്ന് ഘട്ട പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. പക്ഷികൾ, കുരുങ്ങുകൾ, കാട്ടുപോത്ത്, ചീങ്കണ്ണി, മാൻ, പുലി, ജിറാഫ് തുടങ്ങിയവയുടെ ആവാസസ്ഥലങ്ങളുടെയും ഓറിയന്റേഷൻ സെന്റർ, ടിക്കറ്റ് കൗണ്ടർ, റോഡുകൾ എന്നിവയുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്.
സന്ദർശകർക്കായി പ്രത്യേക ഗാലറികൾ ഒരുക്കിയിട്ടുണ്ട്. ഓരോ വന്യജീവികളുടെയും ആവാസകേന്ദ്രങ്ങളോടുനുബന്ധിച്ചാണ് ഗാലറികൾ. സന്ദർശകപാതകൾ, കഫ്റ്റീരിയ, ശുചിമുറികൾ എന്നിവയും ഒരുങ്ങിക്കഴിഞ്ഞു.
വേണം കരുതൽ, മനുഷ്യനോടും
മൃഗങ്ങളോടും
രണ്ടാഴ്ച മുൻപാണ് സുവോളജിക്കൽ പാർക്കിലെ അനിമൽ കീപ്പറായിരുന്ന അമൽ രാജിനെ പാർക്കിലെ കുളത്തിൽവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാരോടുള്ള കരുതൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. കൂടുതൽ അനിമൽ കീപ്പർമാരെ നിയമിക്കേണ്ടതുണ്ട്.
തുച്ഛമായ വരുമാനത്തിലാണ് അനിമൽ കീപ്പർമാർ പണിയെടുക്കുന്നത്. അവർക്കു വരുമാനവർധനവിനും തൊഴിൽസുരക്ഷയ്ക്കും നടപടികളുണ്ടാവണം. ക്യൂറേറ്റർമാരുടെ തസ്തിക നികത്തണം. സുവോളജിക്കൽ പാർക്കിൽ മുഴുവൻസമയ ഡയറക്ടറെ അടിയന്തരമായി നിയമിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വനം - റവന്യു മന്ത്രിമാർക്കു ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരൻ കത്തു നൽകിയിട്ടുണ്ട്.
സ്വൈരവിഹാരം വന്യജീവികൾക്ക്
പ്രശസ്ത ഓസ്ട്രേലിയൻ സൂ ഡിസൈനർ ജോൺ കോ ഡിസൈൻ ചെയ്ത സുവോളജിക്കൽ പാർക്കിൽ മൃഗങ്ങളുടെയും പക്ഷികളുടെയും സ്വഭാവിക ആവാസവ്യവസ്ഥയ്ക്കനുസരിച്ചുള്ള ഇടങ്ങളാണ് തയാറാക്കിയിരിക്കുന്നത്. 23 ആവാസ ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവയിൽ മൂന്നെണ്ണം വിവിധ പക്ഷികൾക്കുമാത്രമായിട്ടാണ്.
വെള്ളിമൂങ്ങ, ചുക്കർ പാട്രിജ് ഇനത്തിൽപ്പെട്ട പക്ഷികൾ, കടുവ, മയിലുകൾ, മ്ലാവുകൾ എന്നിവയാണ് നിലവിൽ പാർക്കിലുള്ളത്. തൃശൂർ മൃഗശാലയിലെ നിലവിലുള്ള പക്ഷികൾ, മൃഗങ്ങൾ തുടങ്ങി 439 ഇനം ജീവികളെയാണ് പലഘട്ടങ്ങളിലായി മാറ്റുന്നത്. ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ തൃശൂരിലെ വിവിധ ഇനങ്ങളിൽപ്പെട്ട മാനുകളെ എത്തിക്കുന്ന നടപടിയാണ് നടന്നുവരുന്നത്. ഇതുവരെ 20 മ്ലാവുകളെയും 15 പന്നിമാനുകളെയും എത്തിച്ചുകഴിഞ്ഞു.
വിദേശരാജ്യങ്ങളിൽനിന്ന് സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയെ എത്തിക്കും. ഇതിനായി രാജ്യാന്തര ഏജൻസികളുടെ സേവനം ഉപയോഗിക്കും.