യാഥാർഥ്യങ്ങളെ ചിത്രീകരിച്ച് ദേവമാതയിലെ വിദ്യാർഥികൾ
1483624
Sunday, December 1, 2024 7:03 AM IST
തൃശൂർ: സമൂഹത്തിൽ സംഭവിക്കുന്ന യാഥാർഥ്യങ്ങളെ ചിത്രീകരിച്ച് ദേവമാത സിഎംഐ പബ്ലിക്സ്കൂളിലെ വിദ്യാർഥികൾ. ചേതന മീഡിയ കോളജിന്റെ നേതൃത്വത്തിൽ നടന്ന ഡോക്യുമെന്ററി ശില്പശാലയിലാണ് വായന മരിക്കുന്നില്ല എന്ന ആശയത്തിന്റെ പ്രായോഗികത വിഷയമാക്കി കുട്ടികൾ ചിത്രം ഒരുക്കിയത്.
പ്രത്യേക കാമറയുമായി ആധുനികദൃശ്യമാധ്യമത്തിലൂടെ ന്യൂജൻ ശൈലിയിയിൽ ചിത്രീകരണം പൂർത്തിയാക്കിയ കുട്ടികൾ പത്തുമിനിറ്റു ദൈർഘ്യമുള്ള ചിത്രവും പുറത്തിറക്കി. ഫിലിം അസോസിയേറ്റ് ഡയറക്ടർ ടി.യു. ഷാജി ശില്പശാലയ്ക്കു നേതൃത്വം നൽകി. ചേതന മീഡിയ കോളജ് ഡയക്ടർ ഫാ. ജിജോ തീതായ് ഉദ്ഘാടനം ചെയ്തു.
ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ, അധ്യാപകൻ എ.ഡി. ഷാജു, അരുണ്‍ ജോണ്‍ മാണി എന്നിവർ പ്രസംഗിച്ചു. ദേവമാതയിലെ 22 വിദ്യാർഥികളാണ് ഡോക്യുമെന്ററി പഠനം നടത്തിയത്.
ഏകദിനപരിശീലനത്തിൽനിന്ന് ലഭിച്ച അറിവുമായി വിദ്യാർഥികൾ സാമൂഹിക - പരിസ്ഥിതി വിഷയത്തിൽ പുതിയ ഡോക്യുമെന്ററി ചിത്രീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.