ചാലക്കുടി നഗരസഭാ പദ്ധതികൾ അവതാളത്തിലായി
1483328
Saturday, November 30, 2024 6:22 AM IST
ചാലക്കുടി: സർക്കാരിന്റെ പദ്ധതി വിഹിതം ലഭിക്കാത്തതിനാൽ നഗരസഭ പദ്ധതികളും ആനുകൂല്യങ്ങളുടെ വിതരണവും അവതാളത്തിൽ.
പട്ടികജാതി വിഭാഗത്തിൽപെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ പരിശിലനത്തിന്റെ ഭാഗമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രോജക്ടിൽ, തൊഴിൽ പരിശീലനം നടത്തുന്നവർക്ക് മാസങ്ങളായി ഓണറേറിയം ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ബജറ്റ് വിഹിതത്തിൽ നിന്നും നൽകേണ്ട പദ്ധതി തുക അനുവദിക്കാത്തതാണ് കാരണം.
മുൻ വർഷങ്ങളിൽ സാമ്പത്തിക വർഷം അവസാനിക്കുന്ന സമയങ്ങളിലുണ്ടാകുന്ന ട്രഷറി നിയന്ത്രണം മൂലമാണ് പദ്ധതികൾ തടസപ്പെടാറുള്ളത്. എന്നാൽ ഇത്തവണ വർഷത്തിന്റെ പകുതി എത്തുമ്പോൾ മുതൽ ട്രഷറിയിൽ പണമില്ലാത്ത അവസ്ഥയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻ വർഷം അനുവദിച്ച വിഹിതം പൂർണ്ണമായും തിരിച്ചെടുത്ത സർക്കാർ ഈ വർഷം ഒരു ഗഡു വിഹിതം മാത്രമേ ഇതുവരെ നൽകിയിട്ടുള്ളു. ഇത് മുൻ വർഷത്തെ വിവിധ സ്പിൽ ഓവർ പദ്ധതികൾക്കായ് ഉപയോഗിക്കേണ്ടി വന്നതിനാൽ, പുതിയ പദ്ധതികൾക്ക് ഒന്നും തന്നെ പണമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിലവിൽ നഗരസഭയുടെ എല്ലാ ഫണ്ടുകളും കഴിഞ്ഞിരിക്കുകയാണ്. പുതിയ അലോട്ട്മെന്റ് ലഭിക്കാത്തതിനാൽ അടിയന്തിരമായ നടപ്പിലാക്കേണ്ട പദ്ധതികൾ പോലും തടസപ്പെട്ടിരിക്കുന്നു. ജനറൽ, പട്ടികജാതി, മെയിന്റനൻസ് ഗ്രാൻഡ്് തുടങ്ങിയ മേഖലയിലെ പദ്ധതികളാണ് പൂർണമായും പ്രതിസന്ധി നേരിടുന്നത്.
പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായമായി നൽകുന്ന 1.25 ലക്ഷം രൂപയും, എസ്സി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും തടസപ്പെട്ടിരിക്കുകയാണ്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രി വഴി നഗരസഭ നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതിയും പ്രതിസന്ധി നേരിടുന്നു. ഇതിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല. ഇതിനായി ഓടുന്ന വാഹനത്തിൻന്റെ ദൈന്യംദിന ചെലവും നടത്താൻ പണം ലഭിക്കുന്നില്ല.
താലൂക്ക് ആശുപത്രിയിൽ വൈകീട്ട് ഉണ്ടാകുന്ന തിരക്കും ഇവിടെ എത്തുന്ന രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കുറക്കുന്നതിന് നഗരസഭ പദ്ധതി വഴി ഒപി യിൽ ഒരു ഈവനിംഗ് ഡോക്ടറെ നിയമിച്ചിട്ടുണ്ട്. ഇവരുടെ വേതനവും തടസപ്പെട്ടതിനെ തുടർന്ന്, പാലിയേറ്റീവ് ജീവനക്കാർ, ഒപി ഡോക്ടർ എന്നിവർക്കുള്ള വേതനം മുൻ മാസങ്ങളിൽ നഗരസഭ തനത് ഫണ്ടിൽ നിന്നും നൽകുകയായിരുന്നു.
ആയുർവേദ ഹോമിയോ ഡിസ്പെൻസറികളിലേക്കുള്ള മരുന്ന് വാങ്ങൽ, കാർഷിക പദ്ധതികൾക്കുള്ള ആനുകൂല്യങ്ങൾ, വീട് അറ്റകുറ്റപണി, കിണർ നിർമാണം, പിഎംഎവൈ ഭവന നിർമാണം എന്നീ ഗുണഭോക്താക്കൾ ധനസഹായം, വയോജനങ്ങൾക്കുള്ള വയോമിത്രം പദ്ധതി, തുടങ്ങി നിരവധി പദ്ധതികൾക്കും തുക ലഭിക്കാത്തതിനാൽ , ഗുണഭോക്താക്കൾ പണത്തിനു വേണ്ടി നഗരസഭ ഓഫീസിൽ കയറി ഇറങ്ങുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്കും ഉള്ള പദ്ധതികളും പണമില്ലാത്തിനാൽ മുടങ്ങിയിട്ടുണ്ട്.
നഗരസഭക്ക് വാർഷിക ബജറ്റ് പ്രകാരമുള്ള വിഹിതം അടയന്തിരമായ് അനുവദിക്കാനും, ട്രഷറിയിൽ നിലനിൽക്കുള്ള നിയന്ത്രണം ഒഴിവാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചാലക്കുടി നഗരസഭ യുഡിഎഫ് പാർലിമെന്ററി പാർട്ടി ആവശ്യപ്പെട്ടു.