നവകേരളസദസിലും പരിഹാരമില്ല : മാലിന്യസംഭരണകേന്ദ്രം മാറ്റണമെന്ന് പരാതി
1483633
Sunday, December 1, 2024 7:15 AM IST
വെമ്പല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ മാലിന്യസംഭരണകേന്ദ്രം ജനവാസയോഗ്യമല്ലാത്ത മറ്റൊരു പ്രദേശത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു പരിസരവാസികൾ ജില്ലാകളക്ടർക്കു പരാതിനൽകി. മുഖ്യമന്ത്രി പങ്കെടുത്ത നവകേരളസദസിലും പരാതി കൊടുത്തിട്ടു പരിഹാരമില്ലാത്തതിനെത്തുടര്ന്നാണ് കളക്ടര്‍ക്കു പരാതി നല്‍കിയത്.
പി.വെമ്പല്ലൂർ വില്ലേജ് ഓഫീസ്, അങ്കണവാടി, മൃഗസംരക്ഷണ സബ് സെന്റർ, മത്സ്യഭവൻ, 45 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കുളം തുടങ്ങിയവയുടെ സമീപത്താണ് മാലിന്യസംഭരണകേന്ദ്രം പ്രവർത്തിക്കുന്നത്. ജില്ലയിലെ തീരദേശത്തെ ഏറ്റവുംവലിയ പഞ്ചായത്തുകളിൽ ഒന്നായ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നുമുള്ള, തരംതിരിച്ചതും തിരിക്കാത്തതുമായ അജൈവമാലിന്യങ്ങൾ ഇവിടെ സംഭരിക്കുന്നു.
ഈ മാലിന്യങ്ങൾ സമയബന്ധിതമായി നീക്കംചെയ്യാത്തതുമൂലം മാരകമായ രോഗങ്ങളും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതിന്നു പരാതിയിൽ പറയുന്നു. മഴക്കാലത്ത് പ്രദേശത്തെ കുടിവെള്ളം മലിനമാക്കപ്പെടുന്ന വലിയ പരിസ്ഥിതി പ്രശ്നവും ഇവിടെ നേരിടുന്നു.
താരതമ്യേന ജനസാന്ദ്രതകൂടിയ ഈ പ്രദേശത്ത് വെറും മണ്ണിൽ കുട്ടിയിട്ട മാലിന്യംമൂലം പട്ടി, പൂച്ച, കൊതുക്, ഇഴജന്തുക്കൾ എന്നിവയുടെ ശല്യവും കുടിവെള്ള സ്രോതസുകള്‍ മലിനമാക്കപ്പെടുന്ന അവസ്ഥയുമുണ്ട്. ഇതിനെതിരെ നിരവധിപരാതികൾ ശ്രീനാരായണപുരം പഞ്ചായത്തിലും മുഖ്യമന്ത്രി പങ്കെടുത്ത പി.വെമ്പല്ലൂർ നവകേരളസദസിലും ഉൾപ്പെടെ കൊടുത്തെങ്കിലും യാതൊരുവിധ പരിഹാരനടപടിയും ഉണ്ടായില്ല.
അതുകൊണ്ട് എത്രയുംവേഗം മേൽനടപടികൾ സ്വീകരിച്ച് ജനവാസയോഗ്യമല്ലാത്ത മറ്റൊരു പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കേണ്ടതാണ്. അല്ലെങ്കിൽ വാർഡുകളിൽ വലിയ ഗ്രില്ല് കൂടുകൾ സ്ഥാപിച്ച് അതിൽ നിക്ഷേപിക്കുകയും വണ്ടി വരുമ്പോൾ നേരിട്ടുകയറ്റിവിടുന്ന സംവിധാനം ഉണ്ടാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അല്ലാത്തപക്ഷം നിലവിലുള്ള മൂന്ന് ഗ്രൂപ്പ് വില്ലേജ് ഭാഗങ്ങളിൽ, പ്രദേശങ്ങളിലെ മാലിന്യങ്ങൾ ജനവാസം കുറവുള്ള സ്ഥലത്ത് സംഭരിക്കാവുന്നതാതെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ശ്രീനാരായണപുരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളുടേയും മാലിന്യങ്ങൾ ഇവിടെ സംഭരിക്കുന്നതും സമയബന്ധിതമായി നീക്കാത്തതുമായ ജനദ്രോഹനടപടി എത്രയുംവേഗം നിർത്തലാക്കണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.