അന്തർദേശീയ ശാസ്ത്രചലച്ചിത്രോത്സവം തുടങ്ങി
1483334
Saturday, November 30, 2024 6:23 AM IST
തൃശൂർ: കേരളത്തിലെ ആദ്യ ശാസ്ത്രചലച്ചിത്രോത്സവം രാമവർമപുരം വിജ്ഞാൻസാഗർ ശാസ്ത്രസാങ്കേതിക പാർക്കിൽ തുടങ്ങി. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ ശാസ്ത്രാവബോധം പകരാനും അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും ശാസ്ത്രസിനിമകൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ് മങ്കര സംവിധാനം ചെയ്ത യാനം ഉദ്ഘാടനചിത്രമായി. സംസ്കൃതത്തിലുള്ള രാജ്യത്തെ ആദ്യ ശാസ്ത്രസിനിമയായ യാനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. രാധാകൃഷ്ണന്റെ മൈ ഒഡീസി എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്. ഇന്ത്യയുടെ മംഗൾയാൻ ദൗത്യത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തൃശൂർ ജില്ലാ പഞ്ചായത്ത്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശൂർ ചലച്ചിത്രകേന്ദ്രം, ഐഎഫ്എഫ്ടി, ഭൗമം, വിജ്ഞാൻസാഗർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം. പ്രശസ്തമായ ശാസ്ത്രസിനിമകളുടെ പ്രദർശനം, ശാസ്ത്രക്വിസ് മത്സരം, ശാസ്ത്രത്തിന്റെ ദർശനത്തെപ്പറ്റിയുള്ള പ്രഭാഷണം, റോബോട്ടിക്സ്, സ്കൂളുകൾ തയാറാക്കിയ ഹ്രസ്വസിനിമകളുടെ പ്രദർശനം എന്നിവ സമാന്തരമായി വ്യത്യസ്തവേദികളിൽ നടന്നു.
ചലച്ചിത്രോത്സവം ഡയറക്ടർ കെ.പി. രവിപ്രകാശ്, ജെ. മുഹമ്മദ് ഷാഫി, പ്രകാശ് ശ്രീധർ, ചെറിയാൻ ജോസഫ്, ഡോ. കെ.കെ. അബ്ദുള്ള, പി.ഐ. ജോമി, സി.ടി. അജിത് കുമാർ, കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.