തൃശൂർ പൂരം പ്രതിസന്ധി: കോർപറേഷൻ സ്പെഷൽ കൗണ്‍സിൽ ചേരും
1483331
Saturday, November 30, 2024 6:22 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോടതിവിധികളിലും നിർദേശങ്ങളിലും കുരുങ്ങി പ്രതിസന്ധിയിലായിരിക്കുന്ന തൃശൂർ പൂരം സുഗമമായി നടപ്പാക്കുന്നതിനു ഭരണപ്രതിപക്ഷഭേദമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാൻ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ തീരുമാനം. പൂരം പ്രതിസന്ധിയെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിന് അടിയന്തര സ്പെഷൽ കൗണ്‍സിൽ വിളിച്ചുചേർക്കാനും ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ ധാരണയായി.
സ്പെഷൽ കൗണ്‍സിൽ വിളിക്കണമെന്നു കോണ്‍ഗ്രസിന്റെ ജോണ്‍ ഡാനിയലും പൂരം പ്രതിസന്ധി കോർപറേഷൻ ഗൗരവത്തിലെടുക്കണമെന്നു ബിജെപിയിലെ എൻ. പ്രസാദും ആവശ്യപ്പെട്ടു. പൂരം പ്രതിസന്ധി പരിഹരിക്കാൻ ഒറ്റക്കെട്ടായി നടപടികൾ സ്വീകരിക്കുമെന്ന് എൽഡിഎഫിന്റെ കൗണ്‍സിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷാജനും വ്യക്തമാക്കിയതോടെയാണ് വിഷയത്തിൽ കോർപറേഷൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചത്.
ഓണാഘോഷങ്ങൾ കഴിഞ്ഞിട്ട് 71 ദിവസം പിന്നിട്ടിട്ടും പുലിക്കളി, കുമ്മാട്ടി സംഘങ്ങൾക്കു തുക അനുവദിച്ചുനൽകാത്തതും കുറുപ്പം റോഡ് - കൂർക്കഞ്ചേരി റോഡ് നിർമാണത്തിലെ അപാകതകളും തെരുവുനായ് ശല്യവും അടക്കം കൗണ്‍സിൽ യോഗത്തിൽ ചർച്ചയായി. സമയബന്ധിതമായി കടലാസുകൾ ഹാജരാക്കാത്തതാണ് പുലിക്കളി, കുമ്മാട്ടി സംഘങ്ങൾക്കു തുക നൽകാൻ വൈകുന്നതെന്നായിരുന്നു മേയറുടെ മറുപടി.
ഓരോ ഡിവിഷനിലും പത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അജൻഡയും ഭരണ -പ്രതിപക്ഷ അംഗങ്ങളുടെ കൊന്പുകോർക്കലിൽ അവസാനിച്ചു. ഡിവിഷൻ ഫണ്ടിൽനിന്നും എടുത്ത് സ്ഥാപിച്ച മിനിമാസ്റ്റിനു പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.
തെരുവുനായ്ശല്യത്തിനു പരിഹാരം പട്ടിയും കൂടും!
നഗരത്തിൽ തെരുവുനായ്ശല്യം രൂക്ഷമായെന്ന ആക്ഷേപത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്കു തടയിടാനായിരുന്നു ഭരണമുന്നണിയുടെ ശ്രമങ്ങൾ. കോർപറേഷൻ നടപ്പാക്കുന്ന എബിസി പദ്ധതി വിജയമാണെന്നും നായ്ക്കളുടെ എണ്ണം കുറഞ്ഞുവെന്നുമുള്ള വാദത്തെ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായി എതിർത്തു. ശല്യക്കാരായ നായ്ക്കളെ ഇല്ലാതാക്കാൻ പദ്ധതി കൊണ്ടുവരണമെന്ന മുതിർന്ന പ്രതിപക്ഷ കൗണ്‍സിലർ കെ. രാമനാഥന്റെ ആവശ്യത്തിൽ എതിർപ്പ് അറിയിച്ച മേയർ, നിലവിൽ കോർപറേഷന്റെ പട്ടിയും കൂടും പദ്ധതി ഓരോ കൗണ്‍സിലർമാരും നടപ്പാക്കിയാൽ പ്രശ്നം പരിഹരിക്കാമെന്നു മറുപടി നൽകി.
തെരുവുനായ്ശല്യത്തിനു പിറകെ ഒല്ലൂർ മേഖലയിൽ കുറുക്കന്മാരുടെ ശല്യം വർധിച്ചുവെന്നും നടപടി വേണമെന്നും യുഡിഎഫ് കൗണ്‍സിലർ നിമ്മി റപ്പായിയും ആവശ്യപ്പെട്ടു
ഓട്ടോമാറ്റിക് ഗ്യാസ് ക്ലോറിനേഷൻ
സംവിധാനത്തിനു
രണ്ടുകോടി
തൃശൂർ: കോർപറേഷൻപരിധിയിൽ കുടിവെള്ളശുദ്ധീകരണത്തിനു രണ്ടുകോടി ചെലവിൽ ഓട്ടോമാറ്റിക് ഗ്യാസ് ക്ലോറിനേഷൻ സംവിധാനം സ്ഥാപിക്കാൻ കൗണ്‍സിൽ തീരുമാനം.
കോർപറേഷൻ പരിധിയിലെ പന്പ് ഹൗസുകളായ തേക്കിൻകാട്ടിൽ നാലെണ്ണവും ഒളരി, കൂർക്കഞ്ചേരി, ചേറൂർ, നെല്ലിക്കുന്ന്, രാമവർമപുരം, ചെന്പൂക്കാവ് എന്നിവിടങ്ങളിൽ ഒരോന്നുവീതവും വാക്വം ഫീഡ് മൗണ്ടഡ് ക്ലോറിനേറ്റർ സ്ഥാപിക്കും. ഇക്കുറി പുലിക്കളിക്കു പങ്കെടുത്ത ഏഴു ടീമുകളിൽ രണ്ടെണ്ണംമാത്രമാണു രണ്ടാംഗഡു ലഭിക്കാൻ അപേക്ഷ നൽകിയത്. അഞ്ചു ടീമുകളുടെ അപേക്ഷ ഉദ്യോഗസ്ഥർ നിരവധി തവണ ആവശ്യപ്പെട്ടപ്പോഴാണു നൽകിയത്.
രണ്ടാംഗഡു തുകയും കുമ്മാട്ടിക്കളിക്കുള്ള ധനസഹായവും നൽകാനും ജനകീയമത്സ്യക്കൃഷി പദ്ധതിയുടെ ഗുണഭോക്തൃപട്ടിക അംഗീകരിക്കാനും കൗണ്‍സിൽ തീരുമാനമെടുത്തെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചു.