ഒടുവിൽ തൃശൂർ - തലോർ റോഡിന് ശാപമോക്ഷമാകുന്നു
1483616
Sunday, December 1, 2024 7:03 AM IST
ഒല്ലൂർ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂർ - ഒല്ലൂർ റോഡിനു ശാപമോക്ഷമാകുന്നു. റോഡിന്റെ ടാറിംഗ് നാളെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതനിയന്ത്രണമുണ്ടാകും.
ഏറെ വർഷങ്ങൾക്കുശേഷമാണ് ഈ റോഡ് പൂർണമായും റീടാറിംഗ് ചെയ്യുന്നത്. നിറയെ കുഴികളും ഗതാഗതക്കുരുക്കുംമൂലം ഒല്ലൂർവഴിയുള്ള യാത്ര ഏറെക്കാലമായി അതികഠിനമായിരുന്നു. ഇടയ്ക്കിടെ കുഴിയടയ്ക്കൽ മാത്രമാണ് നടന്നിരുന്നത്.
രാവിലെമുതൽ രാത്രിവരെ നീളുന്ന അഴിയാക്കുരുക്കുകാരണം സ്വകാര്യബസുകളും ദീർഘദൂരബസുകളും പലപ്പോഴും വഴിമാറിയാണ് ഓടിയിരുന്നത്. കുരിയച്ചിറമുതൽ - ഒല്ലൂർ റെയിൽവേ മേൽപ്പാലം വരെയുള്ള റോഡ് ഏറെ ദുർഘടമായിരുന്നു. പല ജംഗ്ഷനുകളിലും രൂപപ്പെട്ടിരുന്ന പാതാളക്കുഴികൾ അടുത്തിടെയാണ് അടച്ചത്.
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പല സംഘടനകളും പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചിരുന്നു. നാളെമുതൽ മെക്കാഡം ടാറിംഗ് ആരംഭിക്കുന്നതോടെ യാത്രാദുരിതത്തിനു പരിഹാരമാകും.
ഒല്ലൂർ സെന്റർ വികസനത്തിനായി സംസ്ഥാന സർക്കാർ 55.17 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
കുരിയച്ചിറ മുതൽ തലോർവരെ ഗതാഗതനിയന്ത്രണം
തൃശൂർ: കുരിയച്ചിറ മുതൽ തലോർ ബൈപാസ്വരെ മെക്കാഡം ടാറിംഗ് ആരംഭിക്കുന്നതിനാൽ നാളെ രാത്രിമുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗതനിയന്ത്രണം ഉണ്ടാകും. ടൗണിലേക്കുള്ള വാഹനങ്ങൾ തലോരിൽനിന്ന് എൻഎച്ച് വഴി പോകണമെന്നു പൊതുമരാമത്ത് ടൗൺ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.