കൂട്ടപിരിച്ചുവിടൽ കലാമണ്ഡലത്തെ തകർക്കാൻ: ബിജെപി
1483622
Sunday, December 1, 2024 7:03 AM IST
തൃശൂർ: കലാമണ്ഡലത്തിലെ താത്കാലിക അധ്യാപകരെയും ജീവനക്കാരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി മനുഷ്യത്വരഹിതമാണെന്നും നടപടി റദ്ദാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാർ ആവശ്യപ്പെട്ടു.
കൂട്ടപിരിച്ചുവിടൽ നടപടി സാന്പിൾ മാത്രമാണ്. വരാനിരിക്കുന്നതു സാംസ്കാരികസ്ഥാപനങ്ങളുടെ അടച്ചുപൂട്ടലാണെന്നു സംശയിക്കണം. സംസ്ഥാനസർക്കാരിന്റെയും സാംസ്കാരികവകുപ്പിന്റെയും കെടുകാര്യസ്ഥതയാണ് കാര്യങ്ങൾ വഷളാക്കിയത്. സംസ്ഥാനത്തെ മുഴുവൻ കലാ സാംസ്കാരിക സ്ഥാപനങ്ങളും അവയുടെ നിത്യചെലവുകൾക്കും ശന്പളത്തിനും നടത്തിപ്പിനുമുള്ള ധനം സ്വയം സമാഹരിക്കണമെന്ന സാംസ്കാരിക വകുപ്പ് ഉത്തരവാണ് കലാമണ്ഡലത്തിലെ കൂട്ടപിരിച്ചുവിടൽ നടപടിയിലേക്ക് എത്തിച്ചതെന്ന് അനീഷ്കുമാർ പറഞ്ഞു.
മലയാളികളുടെ അഭിമാനമായ കലാമണ്ഡലത്തെ തകർക്കാനുള്ള ശ്രമമാണ് ഇടതുസർക്കാരിന്റേത്. അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം കൊടുക്കാൻ പണമില്ലെന്നു പറയുന്നവർ ചാൻസലറായ മല്ലിക സാരാഭായിക്കു പ്രതിമാസം മൂന്നുലക്ഷം രൂപ നൽകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
കലാമണ്ഡലം കേന്ദ്രസർക്കാരിനു കൈമാറണം: തപസ്യ
തൃശൂർ: ഗുരുതരമായ സാന്പത്തികപ്രതിസന്ധി നേരിടുന്ന കേരള കലാമണ്ഡലം കേന്ദ്രസർക്കാരിനു കൈമാറണമെന്നു തപസ്യ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സാന്പത്തികപ്രതിസന്ധിയെതുടർന്ന് കലാമണ്ഡലത്തിലെ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിട്ട നടപടി ഞെട്ടലുളവാക്കുന്നതാണ്. മഹാകവി വള്ളത്തോൾ ഉൾപ്പടെ ഒട്ടേറെ മഹാരഥന്മാരുടെ സ്വപ്നമാണ് കലാമണ്ഡലം.
വിദേശങ്ങളിൽപോലും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നായ കലാമണ്ഡലം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു എന്നതു കേരളത്തിന്റെ സാംസ്കാരികലോകം ഗൗരവത്തോടെ കാണണമെന്നും തപസ്യ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
ജില്ലാ പ്രസിഡന്റ് പ്രഫ. ടിപി. സുധാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരൻ പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി സി.സി. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഷാജു കളപ്പുരയ്ക്കൽ, സുരേഷ് വനമിത്ര തുടങ്ങിയവർ സംസാരിച്ചു.