അന്നനാട് ആറങ്ങാലി മണപ്പുറം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു
1483630
Sunday, December 1, 2024 7:15 AM IST
കാടുകുറ്റി: മദ്യക്കുപ്പികളും ചില്ലുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് സാമൂഹികവിരുദ്ധരുടെ അസമയത്തുള്ള വിഹാരകേന്ദ്രമായി മാറുകയാണ് കാടുകുറ്റി പഞ്ചായത്തിലെ ആറങ്ങാലി മണപ്പുറം. പഞ്ചായത്തിനകത്തുനിന്നും സമീപപഞ്ചായത്തുകളിൽനിന്നും ഒഴിവുസമയം കുട്ടികളുമൊത്ത് ചെലവഴിക്കാൻ വന്നെത്തുന്ന കേന്ദ്രമാണ് ഇന്ന് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
ഇവിടെ വന്നെത്തുന്ന ആളുകൾക്ക് ഉപയോഗിക്കാനായി പഞ്ചായത്ത് നിർമിച്ച ടോയ്ലെറ്റ് സമുച്ചയവും ഇന്ന് കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി. പഞ്ചായത്തിന്റെ ടൂറിസ്റ്റ് ഡെസ്റ്റിഷേനുകളിൽ ഒന്നാക്കിമാറ്റുമെന്ന എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനം പാഴ്വാക്കായെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ മോളി തോമസ് കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഫലപ്രദമായി വിഷയത്തിൽ ഇടപെടണമെന്നും പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കോൺഗ്രസ് മെമ്പർമാർ ആവശ്യപ്പെട്ടു. എൽഡിഎഫ് ഭരണസമിതി നിഷ്ക്രിയമാണെന്നും എൽഡിഎഫ് അംഗങ്ങൾ തമ്മിലുള്ള പടലപിണക്കങ്ങളും വിഭാഗീയതയും പഞ്ചായത്തിന്റെ വികസന മുരടിപ്പിന് കാരണമായിരിക്കുകയാണെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.