ആനയെഴുന്നള്ളിപ്പ് നിയന്ത്രണം: പ്രതിഷേധിച്ച് പൂരപ്രേമിസംഘം
1483332
Saturday, November 30, 2024 6:22 AM IST
തൃശൂർ: ആനയെഴുന്നള്ളിപ്പിനെ തകർക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ആചാര സംരക്ഷണത്തിനു സർക്കാർ നിയമം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു തൃശൂരിൽ വായ് മൂടിക്കെട്ടി പ്രതിഷേധം. പൂരപ്രേമിസംഘത്തിന്റെ ആഭിമുഖ്യത്തിൽ തെക്കേഗോപുരപ്രദക്ഷിണവഴിയിലാണു പ്രതിഷേധിച്ചത്.
പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, ജനറൽ കണ്‍വീനർ വിനോദ് കണ്ടേങ്കാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ എന്നിവർ നേതൃത്വം നൽകി.
ആനയുടെ നെറ്റിപ്പട്ടം ഏന്തിയായിരുന്നു പ്രതിഷേധം. ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങൾ തൃശൂർ പൂരംനടത്തിപ്പ് അസാധ്യമാക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. തൃപ്പൂണിത്തുറ ഉത്സവത്തിൽ പഞ്ചാരിമേളം ഒരു മണിക്കൂറിൽ അവസാനിപ്പിച്ചതു മേളാസ്വാദകരെ നിരാശപ്പെടുത്തി.
ആചാരങ്ങൾ സംരക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നു ഭാരവാഹികൾ പറഞ്ഞു. ദിവസങ്ങൾക്കുമുന്‍പ് പൂരപ്രേമിസംഘം തെക്കേഗോപുരനടയിൽ പ്രതീകാത്മകപൂരം നടത്തിയിരുന്നു.