റോളർ ഹോക്കി കേരള ടീം ക്യാമ്പ് ഹോളിഗ്രേസിൽ സമാപിച്ചു
1483119
Friday, November 29, 2024 8:12 AM IST
മാള: കേരള റോളർ ഹോക്കി ടീമിന്റെ പരിശീലന ക്യാമ്പ് ഹോളിഗ്രേസ് അക്കാദമിയിൽ സമാപിച്ചു. അന്താരാഷ്ട്രനിലവാരത്തിലുള്ള കേരളത്തിലെ ഏക റോളർ ഹോക്കി റിങ്കാണ് ഹോളിഗ്രേസിൽ ഉള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 70 പേരാണ് ഏഴുവിഭാഗങ്ങളിലായി കേരള ടീമിലുള്ളത്.
നാലുനാൾ നീണ്ടു നിന്ന ക്യാമ്പിനുശേഷം കോയമ്പത്തൂരിൽ ഡിസംബർ അഞ്ചുമുതൽ 15 വരെ നടക്കുന്ന ദേശീയമത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ടീം പുറപ്പെടും. അനിൽകുമാർ മേനോൻ, ആർ. ജിത്തു എന്നിവരാണ് കേരള ടീമിന്റെ പരിശീലകർ. ബി.ജി. ബാൽ ശ്രേയസ്, കെ.പി.പ്രജീന എന്നിവരാണ് മാനേജർമാർ. ക്യാമ്പിന്റെ സമാപറത്തിൽ കേരള ടീമിന് വിജയാശംസകൾ നേർന്ന് നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം മാള പോലീസ് സ്റ്റേഷൻ പിആർഒ ആയ എസ്ഐ രാജീവ് നമ്പീശൻ നിർവഹിച്ചു. ഹോളിഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ അധ്യക്ഷത വഹിച്ചു.
ഹോളിഗ്രേസ് അക്കാദമി അക്കാദമിക് ഡയറക്ടർ ജോസ് ജോസഫ് ആലുംങ്കൽ, പ്രിൻസിപ്പൽ കെ. ബിനി, ഡയറക്ടർമാരായ അമൽ വടക്കൻ, ജോണി ഇലഞ്ഞിപ്പിള്ളി, തൃശൂർ ജില്ല റോളർ സ്കേറ്റിങ്ങ് അസോസിയേഷൻ സെക്രട്ടറി റോയ് തുടങ്ങിയവർ സംസാരിച്ചു.