50 ലക്ഷം രൂപയുടെ പദ്ധതി നടപ്പായില്ല : ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്: മരംനിറയെ പക്ഷി, വാഹനംനിറയെ കാഷ്ഠം
1483632
Sunday, December 1, 2024 7:15 AM IST
ഇരിങ്ങാലക്കുട: മരത്തിനുകീഴെ വാഹനം നിര്‍ത്തിയാല്‍ നിറംമാറും, പക്ഷിക്കാഷ്ഠത്തില് പൊറുതിമുട്ടി ഇരിങ്ങാലക്കുട റെയിവേസ്റ്റേഷനില്‍ വാഹനം പാര്‍ക്കു ചെയ്യുന്നവര്‍.
ഇരിങ്ങാലക്കുട റെയില്വേസ്റ്റേഷനിലെത്തുന്നവര്ക്ക് ഉണ്ടായിരുന്ന പക്ഷിക്കാഷ്ഠ ഭീഷണി ചെറുക്കാന്‍ അനുവദിച്ച 50 ലക്ഷത്തിന്റെ പദ്ധതി നടപ്പായില്ല. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനുമുന്നിലുള്ള മരങ്ങളില്‍ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ കാഷ്ഠമാണ് കാലങ്ങളായി യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്നത്.
2022ല്‍ എംപിയായിരുന്ന ടി.എന്‍. പ്രതാപനാണ് റെയില്‍വേസ്റ്റേഷന്റെ മുന്‍വശം മുതല്‍ റോഡുവരെയുള്ള ഭാഗം ട്രസ് ചെയ്യുന്നതിനും കവാടംനിര്മിക്കാനുമുള്ള പദ്ധതിക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ചത്.
പദ്ധതിക്ക് റെയില്‍വേ അംഗീകാരംനല്കുകയുംചെയ്തു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. പ്രശ്നംപരിഹരിക്കാന്‍ പലവട്ടം മരങ്ങള്‍ മുറിച്ചുനീക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും പക്ഷിസ്നേഹികള്‍ ഇടപെട്ട് അതെല്ലാംതടഞ്ഞു.
പക്ഷിക്കാഷ്ഠംകൊണ്ട് പൊറുതിമുട്ടിയതിനെത്തുടര്ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ മരങ്ങള്‍ മുറിച്ചുനീക്കിയിരുന്നു. ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനിലെ ഈ പ്രശ്നം പരിഹരിക്കാന്‍ പാസഞ്ചേഴ്സ് അസോസിയേഷന് പരാതി സമര്‍പ്പിക്കല്‍ കാമ്പയിന് സംഘടിപ്പിച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് ഇമെയില്‍ അയച്ചും പരാതിപുസ്തകത്തില്‍ രേഖപ്പെടുത്തിയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്.
ശുചിത്വമുള്ള റെയില്വേസ്റ്റേഷന് നമ്മുടെ അവകാശമാണെന്ന ടാഗ് ലൈനോടെ പാസഞ്ചേഴ്സ് അസോസിയേഷന് പരാതിസമര്പ്പിക്കല് പരിപാടി നടത്തുന്നു.