കോവിലകംപടവിൽ കൃഷിക്കു വെള്ളമില്ല : അന്തിക്കാട് കൃഷി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പുസമരവുമായി കർഷകർ
1483635
Sunday, December 1, 2024 7:15 AM IST
അന്തിക്കാട്: കോവിലകം പടവിലെ ഭരണസമിതി കർഷകർക്ക് കൃഷി നടത്താൻ സമയബന്ധിതമായി വെള്ളം നൽകാത്തതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം കർഷകർ അന്തിക്കാട് കൃഷി ഓഫിസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
നിലവിലെ ഭരണസമിതിക്ക് സമയബന്ധിതമായി വെള്ളം നൽകാനോ ഉഴവ് നടത്തുവാനോ കഴിയുന്നില്ലെന്നും അന്തിക്കാട് പാടശേഖരത്തിന് കീഴിൽ മാത്രമേ ഈ പടവിലെ കർഷകർക്ക് സുഗമമായി കൃഷി ചെയ്യാൻ സാധിക്കൂ എന്നുമാണ് സമരം ചെയ്യുന്ന കർഷകർ പറയുന്നത്.
എഞ്ചിൻകൂലിയും മാട്ടക്കൂലിയും അന്തിക്കാട് പാടശേഖരത്തിൽ അടയ്ക്കുകയാണെങ്കിൽ കൃഷി ചെയ്യാനുള്ള സൗകര്യം ചെയ്തുനൽകാമെന്ന് അവർ സമ്മതിച്ചിട്ടും നിലവിലെ ഭരണസമിതിയുടെ പിടിവാശി മൂലമാണ് ഇത് നടക്കാത്തതെന്നാണ് ഇവരുടെ ആരോപണം.
പ്രശ്നത്തിന് കൃഷി വകുപ്പ് പരിഹാരം കാണണം എന്നാണ് കർഷകരുടെ ആവശ്യം. മുൻ ഡിസിസി പ്രസിഡന്റ്് ജോസ് വള്ളൂർ, കെ.ബി. രാജീവ്, വി. ശരത് രാജ്, ഷാജു അന്തിക്കാട്, ശിവശങ്കരൻ, ജോഷി അന്തിക്കാട്, സുധീർ പാടൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.