വഖഫ് നിയമം ഭരണഘടനാമൂല്യങ്ങൾക്ക് എതിര്: ഡോ. കെ.എസ്. രാധാകൃഷ്ണൻ
1483333
Saturday, November 30, 2024 6:22 AM IST
തൃശൂർ: നിലവിലുള്ള വഖഫ് നിയമം ഭരണഘടനാമൂല്യങ്ങൾക്ക് എതിരെന്നു മുൻ വൈസ് ചാൻസലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ.
വഖഫിന്റെ വെല്ലുവിളി അനുഭവിക്കുന്നവരിൽ ഏറെയും മുസ്ലിംകളാണ്. വിഷയം മതപരമായ തർക്കമല്ല. നിയമവാഴ്ച നേരിടുന്ന വെല്ലുവിളിയാണ്. ഹിന്ദു ഐക്യവേദി സാഹിത്യഅക്കാദമയിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസ് ഭരണകാലത്തു വഖഫ് നിയമത്തിൽ ഏകപക്ഷീയമായ ഭേദഗതികൾ കൊണ്ടുവന്നു. വഖഫ് ബോർഡിന് ഏതു ഭൂമിയിലും അവകാശവാദം ഉന്നയിക്കാമെന്ന നിലവന്നു. മറിച്ചുതെളിയിക്കേണ്ട ബാധ്യത ഇരകൾക്കായി. നിയമം ഭേദഗതി ചെയ്യണമെന്നാണ് നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നത്. ഭൂമിതർക്കങ്ങളെല്ലാം മതപരമായ പരിഗണനകൾ കൂടാതെ നിയമപരമായി പരിഹരിക്കണമെന്നാണു സർക്കാർ നിലപാട്.
ലീഗിന്റെ ഇടപെടലാണ് മുനന്പത്തുനിന്ന് അറുനൂറോളം കുടുംബങ്ങൾ കുടിയിറക്കൽഭീഷണി നേരിടാൻ ഇടയാകുന്ന സാഹചര്യം സൃഷ്ടിച്ചത്. കെ.പി.എ. മജീദാണ് നിയമസഭയിൽ മുനന്പം വഖഫ് ഭൂമിയാണെന്നും കൈയേറിയെന്നും സബ്മിഷൻ അവതരിപ്പിച്ചത്. മന്ത്രി അബ്ദുറഹ്മാനും ഇടതുസർക്കാരും ഇതിനെ അനുകൂലിച്ചു. വഖഫ് നിയമത്തെ കേരളത്തിൽ അനുകൂലിക്കുന്നത് എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ മാത്രമാണെന്നും ബഹുഭൂരിപക്ഷം ജനങ്ങളും ഈ നിയമം തിരുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ, എഴുത്തുകാരൻ എ.പി. അഹമ്മദ്, കാസ പ്രസിഡന്റ് കെവിൻ പീറ്റർ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു എന്നിവർ പ്രസംഗിച്ചു.