മധ്യവയസ്കൻ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ
1483383
Saturday, November 30, 2024 10:43 PM IST
കുന്നംകുളം: പുതുശേരിയിൽ മധ്യവയസ്കനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്വാർട്ടേഴ്സിലെ താമസക്കാരനും കാര്യസ്ഥനുമായ കുന്നംകുളം അടുപ്പുട്ടി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ ദാമോദരന്റെ മകൻ ദിനേശനെ(55)യാണ് ഇന്നലെ രാവിലെ ഏഴോടെ താമസിക്കുന്ന ക്വാർട്ടേഴ്സിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ടുദിവസമായി ഇദ്ദേഹത്തെ ക്വാർട്ടേഴ്സിനു പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. രാവിലെ ദുർഗന്ധം വമിച്ചതോടെ ക്വാർട്ടേഴ്സിന്റെ സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ റൂമിന്റെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് കുന്നംകുളം പോലീസിൽ വിവരം അറിയിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.