തൃപ്പൂണിത്തുറ മോഡൽ തൃശൂരിലും? പൂരപ്രേമികൾ പ്രക്ഷോഭത്തിന്
1483329
Saturday, November 30, 2024 6:22 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഹൈക്കോടതിനിർദേശമനുസരിച്ച് ആനകൾ തമ്മിലുള്ള അകലംപാലിച്ച് രണ്ടുവരിയായി രണ്ടിടത്തുനിർത്തി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ ആദ്യദിനത്തിൽ നടത്തിയ എഴുന്നള്ളിപ്പിന്റെ രീതിയിൽ തൃശൂർ പൂരത്തിനും ആനകളെ രണ്ടുവരികളായി നിർത്തേണ്ടിവരുമെന്നു സൂചന.
ഹൈക്കോടതി നിർദേശം കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള തൃപ്പൂണിത്തുറ ക്ഷേത്ര എഴുന്നള്ളിപ്പിൽ പാലിക്കപ്പെട്ടതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്കു മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതുമായി മുന്നോട്ടുപോകാൻ സാധിക്കും. തൃശൂർ പൂരമടക്കം പല ഉത്സവ പൂരാഘോഷങ്ങളുടെയും ഇക്കാലമത്രയും പിന്തുടർന്നുവന്ന രീതിയെ അപ്പാടെ മാറ്റിമറിച്ച് അലങ്കോലമാക്കുന്നതാണ് ഇതെന്നു പൂരപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. ശക്തമായ പ്രതിഷേധപ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് തൃശൂരിലെ കൂട്ടായ്മകളുടെ തീരുമാനം.
മുഖ്യമന്ത്രി യോഗം വിളിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സോഷ്യൽമീഡിയയിലും പ്രതിഷേധം ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്.ചെറുതും വലുതുമായ ക്ഷേത്രങ്ങൾ കോടതിയുടെ മാർഗനിർദേശങ്ങൾക്കെതിരേ പരസ്യമായി രംഗത്തിറങ്ങുന്നുണ്ട്.