ആവേശക്കാഴ്ചയായി ബഡ്സ് കലോത്സവം
1483618
Sunday, December 1, 2024 7:03 AM IST
തൃശൂർ: ജില്ലാ ബഡ്സ് കലോത്സവം തില്ലാന 2024 ൽ 50 പോയിന്റുമായി ഓവറോൾ ചാന്പ്യൻഷിപ്പ് നിലനിർത്തി തിരുവില്വാമല ക്യാപ്റ്റൻ ലക്ഷ്മി ബിആർസി. 26 പോയിന്റുമായി ചേർപ്പ് ബ്ലോക്ക് സാന്ത്വനം ബഡ്സ് സ്കൂൾ രണ്ടാംസ്ഥാനവും തളിക്കുളം സ്നേഹസാന്ത്വനം ബഡ്സ് സ്കൂൾ മൂന്നാംസ്ഥാനവും നേടി.
മന്ത്രി അഡ്വ. കെ. രാജൻ വിജയികൾക്കു സമ്മാനങ്ങൾ വിതരണംചെയ്തു. ഇരുപതോളം ബഡ്സ് സ്കൂളുകൾ പങ്കെടുത്ത കലാമാമാങ്കത്തിൽ നാലു വേദികളിലായി 18 സ്റ്റേജ് ഇനങ്ങളിലും നാലു സ്റ്റേജ് ഇതരയിനങ്ങളിലുമായി 150 ഓളം കുട്ടികളാണ് മാറ്റുരച്ചത്.
കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്ഥാപനങ്ങളുമായി സംയോജിച്ചാണ് കലോത്സവം സംഘടിപ്പിച്ചത്.
രാവിലെ മന്ത്രി ഡോ. ആർ. ബിന്ദു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായി.