ഗുരുവായൂർ നഗരസഭ കൗൺസിൽ: വാർഡ് വിഭജനചർച്ച ചൂടേറി; കൈയാങ്കളിയോളമെത്തി
1483318
Saturday, November 30, 2024 6:22 AM IST
ഗുരുവായൂർ: നഗരസഭയുടെ വാർഡ് വിഭജനം അസന്തുലിതമാണെന്നും അത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ കൗൺസിലർ അവതരിപ്പിച്ച പ്രമേയം കൗൺസിലിൽ വാശിയേറിയ ചർച്ചയ്ക്കും ഒടുവിൽ കൈയാങ്കളിയോളവുമെത്തി. കൗൺസിൽ തുടങ്ങിയ ഉടൻ സിപിഎമ്മിലെ ബിബിത മോ ഹനനാണ് പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷത്തുനിന്ന് പ്രമേയത്തെ അനുകൂലിച്ച എ.എം.ഷെഫീർ, എ.എസ്. മനോജ്, ദേവിക ദിലീപ്, വൈഷ്ണവ് തുടങ്ങിയവർ വിഭജനം പുനപരിശോ ധിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപെട്ടു.
നഗരപ്രദേശത്തെ 650 വോട്ടുകൾ മാത്രമുള്ള ചില വാർഡുകൾ ഉണ്ടെന്നും ഗ്രാമ പ്രദേശത്തേക്ക് നീങ്ങുമ്പോൾ ഒരു വാർഡിൽ 2000 വോട്ടുകൾ ഉണ്ടെന്നും ഇവർ പറഞ്ഞു. വാർഡുകളിൽ വികസനത്തിന് തുക അനുവദിക്കുന്ന സമയത്ത് ഇത് അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്നും അഭിപ്രായം ഉയർന്നു. നഗരപ്രദേശത്തിലെ ഫ്ലാറ്റുകളിൽ പലതും ഒഴിഞ്ഞുകിടക്കുന്നവയാണ്. വീടുകളുടെ എണ്ണം കണക്കാക്കിയുള്ള വാർഡ് വിഭജനം ഗുരുവായൂരിൽ അപ്രായോഗിമാണെന്നാണ് ഇടതുപക്ഷത്തിന്റെ അഭിപ്രായം.
എന്നാൽ കൗൺസിലിന് അധികാരമില്ലാത്ത കാര്യത്തിലാണു പ്രമേയാവതരണത്തിൽ ചർച്ചചെയ്ത് സമയം കളയുന്നതെന്നായി കോൺഗ്രസും ബിജെ പിയും നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കെപിഎ റഷീദ്, സി.എസ്. സൂരജ്, വി.ബി. ജോയ്, രേണുക ശങ്കർ എന്നിവരും ബിജെപിയിലെ ശോഭ ഹരിനാരായണനും പ്രമേയത്തെ എതിർത്തു. പ്രമേയാവതരണത്തിനു നിയമസാധുതയുണ്ടോയെന്ന് സെക്രട്ടറി മറുപടി പറയണമെന്ന് ഉദയൻ ആവശ്യപ്പെട്ടു. ഒടുവിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പ്രമേയം വോട്ടിനിട്ട് പാസാക്കി.
തുല്യതയാണ് ജനാധിപത്യത്തിന്റെ അന്തസത്ത എന്ന വിധത്തിൽ എല്ലാവരും തുല്യരാവണമെന്ന് ചെയർമാൻ വിശദീകരിച്ചു. നിലവിലെ വാർഡ് വിഭജനത്തിൽ അസന്തുലിതാവസ്ഥയുണ്ട്. ഇക്കാര്യം പുനപരിശോധിക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെടും. കൗൺസിലർമാരുടെ ആശങ്കകൾ പറയാനും അവതരിപ്പിക്കാനും സൗ കര്യം ചെയ്തുകൊടുക്കുകയാണ് ചെയ്തതെന്നും എം. കൃഷ് ണദാസ് പറഞ്ഞു. തുടർന്ന് സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ വാർഡ് വിഭജനം സംബന്ധിച്ച പ്രമേയാവതരണത്തിനുള്ള അധികാരം ചട്ടം 18/4 പ്രകാരം കൗൺസിലിനില്ലെന്ന് അറിയച്ചത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എണീറ്റു.
പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ മൈക്കുമായി ഇരിപ്പിടത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ എൽഡിഎഫിലെ യുവകൗൺസിലർമാർ കെ.പി. ഉദയന്റെ നേർക്ക് പാഞ്ഞടുത്തു. ഇതോടെ കോൺഗ്രസ് കൗൺസിലർമാരും ഉദയന് അരികിലേക്കെത്തി. ഉന്തും തള്ളുമായതോടെ എൽഡിഎഫിന്റെ മുതിർന്ന കൗൺസിലർ എ.എസ്. മനോജ് എത്തി എൽഡിഎഫ് കൗൺസിലർമാരെ പിടിച്ചു മാറ്റി ഇരിപ്പിടത്തിലേകക്കെത്തിച്ച് രംഗം ശാന്തമാക്കി.
ചെയർമാൻ ഇടപെട്ട് ചർച്ച അവസാനിപ്പിച്ചു. തുടർന്നാണ് അജൻഡകൾ ചർച്ചയ്ക്കെടുത്തത്.