"മദ്യഷാപ്പ് മാറ്റിസ്ഥാപിക്കണം'
1483642
Sunday, December 1, 2024 7:24 AM IST
വടക്കാഞ്ചേരി: സ്വകാര്യ ആശുപത്രിക്കു സമീപത്തായി പ്രവർത്തിക്കുന്ന കൺസ്യൂമർ ഫെഡിന്റെ വിദേശമദ്യവില്പനശാല അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപത ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി നഗരസഭയ്ക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിക്കുസമീപം ആരംഭിച്ച വിദേശ മദ്യ വില്പനശാലയ്ക്കു മുന്നിൽ ആശുപത്രി അധികൃതരും പ്രതിഷേധസമരം സംഘടിപ്പിക്കണമെന്ന് അദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വികലമായ മദ്യനയംമൂലം കേരളത്തിലെ മദ്യപാനികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
അനാരോഗ്യം വിളിച്ചുവരുത്തുന്നതും സമീപവാസികൾക്ക് ശല്യമുണ്ടാക്കുന്നതുമായ മദ്യവില്പനശാല എത്രയും പെട്ടെന്ന് മാറ്റണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സമിതി ചെയർമാൻ പ്രഫ. പുന്നയ്ക്കൽ നാരായണൻ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് അനുമതി നല്കുമ്പോൾ നഗരസഭ വേണ്ട പരിശോധന നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, സമിതി നേതാക്കളായ ജോൺസൺ കുന്നംപിള്ളി, കെ.എ. ഗോവിന്ദൻ, ഉഷ രാമചന്ദ്രൻ, ടി.എൻ. നമ്പീശൻ, പി.വി. രാമൻ, വി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.