എരുമപ്പെട്ടി കടങ്ങോട് മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു
1483641
Sunday, December 1, 2024 7:24 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ മോഷ്ടാക്കളുടെ രാത്രിസഞ്ചാരം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. രാത്രി 12 മണിക്കുശേഷമാണ് മോഷ്ടാക്കൾ നാട്ടിലിറങ്ങുന്നത്. മൂന്നോ നാലോ പേരടങ്ങുന്ന സംഘങ്ങളായി വാഹനങ്ങളിലാണ് ഇവരെത്തുന്നത്.
വീടുകളിൽ കയറിച്ചെന്ന് കോളിംഗ് ബെൽ അടിച്ച് വീട്ടുകാരെ ഉണർത്തി വഴിതെറ്റി വന്നവരാണ്, വെള്ളം തരുമോ എന്നൊക്കെ ചോദിച്ച് വീട്ടുകാരെ പുറത്തിറക്കാൻ തന്ത്രപൂർവ്വം പെരുമാറുന്നു .ആളുകൾ ഓടിക്കൂടുകയോ ബഹളംവയ്ക്കുകയോ ചെയ്താൽ വാഹനങ്ങളിൽ കയറി രക്ഷപ്പെടുകയും ചെയ്യും.
കഴിഞ്ഞദിവസം വെള്ളറക്കാട് മനപ്പടിയിലും എരുമപ്പെട്ടി കരിയന്നൂരിലും ഇത്തരത്തിലുള്ളവരെ കണ്ടെത്തിയിരുന്നു. പിടിക്കുമെന്നുറപ്പായപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. മലയാളികളല്ലാത്ത തമിഴും ഹിന്ദിയും സംസാരിക്കുന്നവരാണ് മോഷ്ടാക്കളായെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
കുറുവ സംഘമാണോ പ്രാദേശിക മോഷ്ടാക്കളാണോ ഇത്തരത്തിൽ മോഷണത്തിനായി എത്തുന്നതെന്ന് തിരിച്ചറിയാൻ കഴിയാതെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാതെ വലയുകയാണ് ജനങ്ങൾ. എരുമപ്പെട്ടി, കടങ്ങോട് മേഖലകളിൽ പോലീസ് കനത്ത പട്രോളിംഗ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.