മുനിയാട്ടുകുന്നിനെ വിനോദസഞ്ചാരകേന്ദ്രമാക്കണമെന്ന് വിദ്യാർഥികൾ: നടപടികളുമായി ജില്ലാ ഭരണകൂടം
1483640
Sunday, December 1, 2024 7:24 AM IST
പുതുക്കാട്: മുനിയാട്ടുകുന്നിനെ വിനോദസഞ്ചാരകേന്ദ്രമാക്കണമെന്ന മുപ്ലിയം സ്കൂളിലെ കുട്ടികള്‍ ജില്ലാകളക്ടറോട് ആവശ്യപ്പെട്ട ആഗ്രഹം നിറവേറ്റാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ആദ്യപടിയായി ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നില്‍ ടൂറിസം സാധ്യതകള്‍ തേടി തൃശൂര്‍ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംഭാസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശാരിക എന്നിവര്‍ മുനിയാട്ടുകുന്നും മുപ്ലിയം സ്കൂളും സന്ദര്‍ശിച്ചു.
ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ മുഖാമുഖം പരിപാടിയില്‍ മുപ്ലിയം ഗവണ്‍മെന്റ്് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ സനയ് കൃഷ്ണയാണ് വിഷയം കളക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് പിന്നാക്ക വിഭാഗ വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും പൂര്‍വ വിദ്യാര്‍ഥിയുമായ പി.വി. ശ്രീജിത്ത് കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുകയും ജില്ലാ കളക്ടര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ടൂറിസം വകുപ്പിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.
മുനിയാട്ടുകുന്ന് പ്രദേശത്ത് കൈവരികള്‍, ലൈറ്റുകള്‍, ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍, വേസ്റ്റ് ബിന്നുകള്‍ എന്നിവ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വിശദമായ പ്രോജക്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, പഞ്ചായത്ത് അംഗങ്ങളായ റോസിലി തോമസ്, വി.എം. റഷീദ്, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. ശ്രീജിത്ത്, മുപ്ലിയം ഗവ. സ്കൂള്‍ പ്രധാനാധ്യാപിക എം.വി. ഉഷ, പിടിഎ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, പിടിഎ അംഗം സി.കെ. സന്ദീപ് കുമാര്‍, വിദ്യാര്‍ഥി സനയ് കൃഷ്ണ എന്നിവര്‍ സന്നിഹിതരായി.