ബൈബിൾ കൺവൻഷൻ വേദിയിൽ ലഹരിക്കെതിരായി ക്ലാസ് എടുത്ത് പോലീസ് ഇൻസ്പെക്ടർ
1541219
Wednesday, April 9, 2025 10:05 AM IST
പളളിക്കര: പോലീസുകാർക്ക് എന്താ ബൈബിൾ കൺവൻഷൻ പന്തലിൽ കാര്യം...! യൂണിഫോം അണിഞ്ഞെത്തിയ മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ സിബി അച്യുതനെ കണ്ട് പലരും അമ്പരന്നു.
വർധിച്ചു വരുന്ന ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് അവബോധം വളർത്താൻ കൺവൻഷൻ സംഘാടകരുടെ ക്ഷണപ്രകാരമാണ് സബ് ഇൻസ്പെക്ടർ എത്തിയത്.
എറണാകുളം പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സംഘടിപ്പിച്ച കാൽവരി കൺവൻഷന്റെ സമാപന ദിവസത്തിലാണ് സിബി അച്യുതൻ ലഹരിക്കെതിരേ ക്ലാസ് നയിച്ചത്.
വർധിച്ച് വരുന്ന ലഹരി ആസ്കതിയും അതിക്രമങ്ങളും കണക്കിലെടുത്താണ് സംഘാടകർ വേറിട്ട മാർഗം സ്വീകരിച്ചത്. ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് സംഘാടകരുടെ തീരുമാനമെന്ന് സിബി അച്യുതൻ അഭിപ്രായപ്പെട്ടു.
കൺവൻഷന്റെ മൂന്നാം ദിവസം ഫാ. ജിനോ ജോസ് കരിപ്പക്കാടന്റെ സുവിശേഷ പ്രസംഗത്തിന് ശേഷമായിരുന്നു ലഹരിക്കെതിരായ ക്ലാസ്. തുടർന്ന് നിയമ വിരുദ്ധ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരേ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.
പ്രളയവും കോവിഡും ഒരുമിച്ചുനിന്നു നേരിട്ട കേരളത്തിന്, ലഹരിയുടെ കെട്ട കാലവും അതിജീവിക്കാൻ കഴിയുമെന്ന് കത്തീഡ്രൽ വികാരി ഫാ. ബാബു വർഗീസ് പറഞ്ഞു.
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കെണികളില്‍ അകപ്പെടാതെ സ്വന്തം ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.