ലഹരിക്കെതിരെ വിപുല പ്രചാരണ പരിപാടികള്‍
1541080
Wednesday, April 9, 2025 4:42 AM IST
കൊച്ചി: ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാതല അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ "സ്പോര്‍ട്സ് ആണ് ലഹരി' എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പി.വി. ശ്രീനിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ ഇറിഗേഷന്‍, വാട്ടര്‍ അഥോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഭൂമികള്‍ കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവ വൃത്തിയാക്കി കുട്ടികള്‍ക്ക് കളിക്കളമായി നല്‍കണമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ടീമിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് തലത്തില്‍ കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ലഹരി ഉപയോഗത്തിനെതിരെ മാരത്തണ്‍, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, കായികവുമായി ബന്ധപ്പെവരെ ഉള്‍പ്പെടുത്തി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ജില്ലയില്‍ 102 സിഡിഎസുകളും 25303 അയല്‍ക്കൂട്ടങ്ങളാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ തലത്തില്‍ താഴെത്തട്ടില്‍ വരെ മാസ് കാമ്പയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. കുട്ടികളുടെ ബാലസഭകള് വഴിയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ പ്രചരിപ്പിക്കും.
"ലഹരിക്കെതിരെ ഒരു ഗോള്‍' എന്ന പേരില്‍ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ശാരീരിക വൈകല്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ച് വീല്‍ ചെയര്‍ ബാസ്കറ്റ് ബോള്‍, സൈക്കിളിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ രാത്രിയില്‍ സൈക്കിള്‍ ഡ്രൈവുകള്‍, റോളര്‍ സ്കേറ്റിംഗ്, കരാട്ടെ, വടംവലി പഞ്ചഗുസ്തി, സെപാക്തക്രോ തുടങ്ങി വിവിധ കായിക ഇനങ്ങള്‍ ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിനിരത്തി വിപുലമായ കാമ്പയിനുകള്‍ സംഘടിപ്പിക്കും.