തടവുപുള്ളികളുടെ ആക്രമണം; അസി. പ്രിസൺ ഓഫീസറുടെ കൈ ഒടിഞ്ഞു
1541079
Wednesday, April 9, 2025 4:42 AM IST
കാക്കനാട്: ചിറ്റേത്തുകര ജില്ലാ ജയിലിൽ സഹോദരങ്ങളായ പ്രതികൾ ചേർന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ആക്രമിച്ചു. 2025 ഫെബ്രുവരിയിൽ അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതികളായ അഖിൽ ഗണേഷ്, അജിത് ഗണേഷ് എന്നിവർ ചേർന്നാണ് പ്രിസൺ ഓഫീസർ അഖിൽ മോഹനനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ ജയിലിൽ മറ്റൊരു കേസിൽ പ്രതിയായി ഇവർക്കൊപ്പം റിമാൻഡിൽ കഴിയുന്ന ഷംനാദ് എന്ന തടവുകാരനെ ഇരുവരും ചേർന്ന് ഇന്നലെ മർദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സെല്ലിനുള്ളിൽ നിന്നും അഖിലിനെയും അജിത്തിനെയും പുറത്തിറക്കാനായി എത്തിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ഇവർ ആക്രമിച്ച് തള്ളിത്താഴെയിടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ മോഷണക്കേസിൽ അറസ്റ്റിലായി അമ്പലമേട് പോലീസ് കസ്റ്റഡിയിലിരിക്കെ ഇരുവരും ചേർന്ന് പോലീസ് സ്റ്റേഷനിൽ നാശനഷ്ടം വരുത്തുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ജയിൽ അധികൃതർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു.