സ്കൂട്ടറിനും ബൈക്കിനും ഒരേ രജിസ്ട്രേഷൻ നമ്പർ
1541078
Wednesday, April 9, 2025 4:42 AM IST
വാഴക്കുളം: ഒരേ രജിസ്ട്രേഷൻ നന്പറിലുള്ള സ്കൂട്ടറും ബൈക്കും കണ്ടെത്തി. കെഎല്‍ 17 ജെ 6574 രജിസ്ട്രേഷന് നമ്പരിലുള്ള സ്കൂട്ടറും അതേ നമ്പരിലുള്ള ബൈക്കുമാണ് പരിവാഹന്‍ സൈറ്റില്‍ നടത്തിയ പിഴ പരിശോധനയില്‍ കണ്ടെത്തിയത്.
മൂവാറ്റുപുഴ ആവോലി പോത്തനാമുഴിയില്‍ മേരി ജോണ്സണ് എന്ന സ്കൂട്ടര്‍ ഉടമ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റില്‍ കയറി ട്രാഫിക് ലംഘന പിഴയുണ്ടോയെന്ന് നോക്കിയപ്പോഴാണ് അതേ നമ്പരിലുള്ള ബൈക്കും ഉള്ളതായി അറിയാനിടയായത്.
കഴിഞ്ഞ ഫെബ്രുവരി 18ന് രാവിലെ 7.26ന് ഹെല്‍മെറ്റ് ധരിക്കാതെ കീഴില്ലത്ത് ഇതേ നമ്പറിലുള്ള ബൈക്കില്‍ ഒരു പുരുഷന് സഞ്ചരിക്കുന്ന ട്രാഫിക് നിയമ ലംഘനത്തിന്റെ ചിത്രവും ഇതോടൊപ്പമുണ്ട്. കീഴില്ലം ഭാഗത്തു കൂടി സ്കൂട്ടറില്‍ പോയിട്ടില്ലെന്നാണ് മേരി ജോണ്സണ് പറയുന്നത്.
തന്റെ വാഹനത്തിന്റെ നമ്പര്‍ വ്യാജമായി നിര്‍മിച്ച് ബൈക്കില്‍ ഉപയോഗിച്ചിരിക്കുകയാണെന്നും ഇതുസംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പിഴയടയ്ക്കാനുള്ള ചെലാനില്‍ പരാമര്‍ശിച്ചിട്ടുള്ള പരാതി അറിയിക്കാനുള്ള സൈറ്റില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കി പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും മേരി ജോണ്സണ് പറഞ്ഞു.