ബസ് യാത്രയ്ക്കിടെ അധ്യാപികയോട് മോശം പെരുമാറ്റം; തമിഴ്നാട് സ്വദേശി പിടിയില്‍
1541075
Wednesday, April 9, 2025 4:42 AM IST
കൊച്ചി: ബസ് യാത്രയ്ക്കിടെ അധ്യാപികയോട് മോശമായി പെരുമാറിയ തമിഴ്നാട് രാമനാഥപുരം സ്വദേശിയായ 49കാരനെ പാലാരിവട്ടം പോലീസ് കരുതല്‍ അറസ്റ്റ് ചെയ്തു. എറണാകുളത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ തോപ്പുംപടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇന്നലെ പുലര്‍ച്ചെ നാലോടെ കോയമ്പത്തൂര്‍-എറണാകുളം ദീര്‍ഘദൂര ബസിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നടന്ന പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അതിക്രമം. ഉറക്കത്തിനിടെ സഹയാത്രികന് മോശമായി പെരുമാറിയതോടെ ഞെട്ടിയുണര്‍ന്ന അധ്യാപിക ബഹളം വച്ചു.
ഇതോടെ കണ്ടക്ടറും മറ്റു യാത്രക്കാരും ഇടപെടുകയും ബസ് പാലാരിവട്ടം സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 49കാരനെ കരുതൽ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.