വാട്ടര്‍ മെട്രോ യാത്രക്കാർ 40 ലക്ഷം പിന്നിട്ടു
1541069
Wednesday, April 9, 2025 4:36 AM IST
കൊച്ചി: പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം പുര്‍ത്തിയാകുന്നതിനു മുന്നേ 40 ലക്ഷം യാത്രക്കാര്‍ എന്ന ചരിത്രനേട്ടവും വാട്ടര്‍ മെട്രോ സ്വന്തമാക്കി. അഞ്ചു റൂട്ടുകളിലായി 19 ബോട്ടുകൾ 10 ടെര്‍മിനലുകളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മട്ടാഞ്ചേരി, വെല്ലിംഗ്ടണ്‍ ഐലൻഡ് ടെര്‍മിനലുകളുടെ നിര്‍മാണം അന്തി മ ഘട്ടത്തിലാണെന്നും വാട്ടര്‍മെട്രോ അധികൃതര്‍ അറിയിച്ചു.
മാര്‍ച്ചോടെ മട്ടാഞ്ചേരി സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും നിര്‍മാണം വൈകുന്നത് പ്രതിസ ന്ധിയായി. ബോട്ടടുപ്പിക്കുന്ന ഭാഗത്തെ ചെളി നീക്കല്‍ ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ നടക്കുകയാണ്. നിലവില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് ഇവിടെയുണ്ടെങ്കിലും ചെളി അടിയുന്നതിനാല്‍ ട്രിപ്പുകള്‍ മുടങ്ങുന്നത് പതിവാണ്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനായില്ലെങ്കില്‍ വാട്ടര്‍മെട്രോ സര്‍വീസിനെയും ബാധിച്ചേക്കും.
മൂന്നു ബെര്‍ത്തുകള്‍ ഉണ്ടെങ്കിലും ഒരു സമയം ഒരു ബോട്ടിന് നിര്‍ത്തിയിടാനുള്ള ആഴം മാത്രമേ മട്ടാഞ്ചേരി ടെര്മിനലിനുള്ളൂ. 50 പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ട് തന്നെയാകും ഇവിടേക്കും സര്‍വീസിനുപയോഗിക്കുക. ഹൈക്കോടതി ജംഗ്ഷനിലെ എറണാകുളം ടെര്‍മിനല്‍ കേന്ദ്രീകരിച്ച് വെല്ലിംഗ്ടണ്‍ ഐലൻഡ് വഴിയാകും സര്‍വീസ്. ഫോര്‍ട്ടുകൊച്ചിക്ക് നേരിട്ട് സര്‍വീസുള്ളതിനാല്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് ബോട്ട് പോകില്ല.
മട്ടാഞ്ചേരി സര്‍വീസ് ആരംഭിക്കുന്നതോടെ പ്രതിദിന വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10,000 കടക്കുമെന്ന പ്രതീക്ഷ. 2023 ഏപ്രില്‍ 23ന് സര്‍വീസ് ആരംഭിച്ച ശേഷം അടുത്തിടെയാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 10,000 എന്ന നാഴികക്കല്ലിലേക്ക് അടുത്തത്.
ഹൈക്കോടതി-വൈപ്പിന്‍, വൈറ്റില-കാക്കനാട് റൂട്ടുകളില്‍ ആദ്യഘത്തില്‍ സര്‍വീസ് ആരംഭിച്ച ശേഷം ഇപ്പോള്‍ എട്ടു ടെര്‍മിനലുകള്‍ കേന്ദ്രീകരിച്ച് നൂറിലേറെ സര്‍വീസുകള്‍ വാട്ടര്‍ മെട്രോ നടത്തുന്നുണ്ട്.