ആറര പതിറ്റാണ്ട് പഴക്കമുള്ള കിണർ നവീകരിച്ച് പൈതൃക സ്മാരകമാക്കി
1541058
Wednesday, April 9, 2025 4:27 AM IST
നെടുമ്പാശേരി: ആറര പതിറ്റാണ്ട് മുന്പ് ചെങ്ങമനാട് പഞ്ചായത്തിലെ പുതുവാശേരിയിൽ നിർമിച്ച കിണർ ആധുനിക രീതിയിൽ നവീകരിച്ച് പൈതൃക സ്മാരകമാക്കി. സ്വന്തം സ്ഥലത്ത് കിണർ കുഴിച്ച് ദാഹജലം കണ്ടെത്തുക ഏറെ ക്ലേശകരമായിരുന്ന കാലയളവിൽ ചെങ്ങമനാട് പഞ്ചായത്തിൽ പുതുവാശേരിയിൽ ഇപ്പോഴത്തെ അഞ്ചാം വാർഡിൽ ഗ്രാമവാസികൾ കുടിവെള്ളത്തിനു വേണ്ടി ഉണ്ടാക്കിയതാണ് ഈ കിണർ.
അന്നത്തെ പഞ്ചായത്തംഗം പുല്ലേലിൽ ഉണ്ണിക്കുറുപ്പിന്റെ ശ്രമഫലമായി 1958 മാർച്ച് 28നാണ് ഈ കിണർ പൂർത്തീകരിച്ചത്. ആ കാലയളവിൽ ചെങ്ങമനാട് പഞ്ചായത്തിന് അഞ്ചു വാർഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ രണ്ടും മൂന്നും വാർഡുകൾ ഉൾപ്പെട്ട പ്രദേശത്താണ് കിണർ കുഴിച്ചത്.
നിലവിൽ 18 വാർഡുകളാണ് ഈ പഞ്ചായത്തിനുള്ളത്. നല്ല ആഴവും ശക്തമായ നീരുറവയും ഉണ്ടായിരുന്ന ഈ കിണറിൽ നിന്നാണ് ആ കാലയളവിൽ ദൂരത്തുള്ളവർ പോലും കുടിവെള്ളം സംഭരിച്ചിരുന്നത്. നാട്ടുകൂട്ടം 67 വർഷം മുമ്പ് ഉണ്ടാക്കിയ ഈ കിണർ ഇന്നും പുതുവാശേരി ഗ്രാമത്തിന് മുടങ്ങാതെ കുടിവെള്ളം നൽകിവരുന്നു.
കനത്ത വേനലിലും ഈ കിണർ വറ്റാറില്ല. പഴയ കാലങ്ങളിൽ ഗ്രാമവാസികൾ ഒത്തുകൂടുന്നതും കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഈ ഭാഗത്തായിരുന്നു. വെളിച്ചത്തിനായി അവർ ഉപയോഗിച്ചിരുന്ന പന്തം സ്ഥാപിക്കാനുള്ള കാലുകളും കിണറിന് സമീപം ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്. നവീകരിച്ച കിണർ പഞ്ചായത്തംഗം ഇ.ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ എം.വി. സുന്ദരൻ അധ്യക്ഷനായി.