കാറിന് തീപിടിച്ചു; അണച്ചത് ടൂറിസ്റ്റ് ബസ് ഡ്രൈവർ
1541055
Wednesday, April 9, 2025 4:27 AM IST
ആലുവ: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ തീപിടിച്ചു. പിന്നാലെ വന്ന ടൂറിസ്റ്റ് ബസിലെ ഡ്രൈവർ ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയതോടെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കമ്പനിപ്പടി മെട്രോ പില്ലർ 121ന് സമീപത്താണ് സംഭവം.
എറണാകുളത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ എൻജിനിലാണ് തീ പടർന്നത്. കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു. പിന്നാലെ വന്ന വാഹനയാത്രക്കാരാണ് തീ ആദ്യം കണ്ടത്.
കാർ നിർത്തിയപ്പോൾ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന ടൂറിസ്റ്റ് ബസ് നിർത്തി അതിലെ ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ചാണ് തീ കെടുത്തിയത്. നാട്ടുകാർ ബക്കറ്റിലും കുപ്പിയിലും വെള്ളം ഒഴിച്ചും സഹായിച്ചു. പട്ടാമ്പി രജിസ്ട്രേഷനുള്ള കാർ ഗോകുൽ എന്ന യുവാവാണ് ഓടിച്ചിരുന്നത്. ഗോകുലിന്റെ ഗാന്ധിനഗർ സ്വദേശിയായ അമ്മാവന്റേതാണ് കാർ.
അരമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് ഒരു കാർ തീപിടിച്ച് പൂർണമായി കത്തിനശിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിൽ നാലാമത്തെ കാറാണ് ആലുവ മേഖലയിൽ തീ പിടിക്കുന്നത്.