കവർച്ചയ്ക്കെത്തിയ രണ്ട് വിദ്യാർഥികളെ പിടികൂടി
1541048
Wednesday, April 9, 2025 4:18 AM IST
പെരുമ്പാവൂർ: ക്രഷറർ മെറ്റീരിയൽ ഗോഡൗണിൽ കവർച്ചയ്ക്കെത്തിയ രണ്ട് വിദ്യാർഥികളെ ഉടമയും സഹോദരനും ചേർന്ന് പിടികൂടി പോലീസിന് കൈമാറി. ഇവർ എത്തിയ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അയ്മുറി പടിക്കലപ്പാറയ്ക്ക് സമീപം ഇളമ്പകപ്പിള്ളി റോഡിലുള്ള ഗോഡൗണിൽനിന്നാണ് സ്കൂട്ടറിൽ എത്തിയ രണ്ട് വിദ്യാർഥികൾ കവർച്ച ചെയ്യാൻ ശ്രമിച്ചത്.
മെഷിനറി എടുത്ത് സ്കൂട്ടറിൽ വയ്ക്കുന്നതിനിടെ ശബ്ദം കേട്ട് ഉടമയുടെ സഹോദരൻ ഉണർന്നു. ഇതുകണ്ട വിദ്യാഥികൾ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് കുറച്ച് കഴിഞ്ഞ് സ്കൂട്ടർ എടുക്കാൻ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്.
ഉടൻ കോടനാട് പോലീസിനെ വിവരം അറിയിച്ചതിനെതുടർന്ന് പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികൾ കുറുപ്പംപടിയിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യർഥികളാണ്. ഒരാൾ കുറുപ്പംപടി സ്വദേശിയും മറ്റൊരാൾ പെരുമ്പാവൂർ വട്ടക്കാട്ടുപടി സ്വദേശിയുമാണ്. പ്രതികൾ പകൽ സമയങ്ങളിൽ കറങ്ങിനടന്ന് രാത്രി മോഷണം നടത്തുകയാണ് പതിവെന്നാണ് അറിയുന്നത്.