കുടുംബാരോഗ്യ കേന്ദ്രത്തിൽ തെരുവുനായ്ക്കളുടെ ശല്യം
1541046
Wednesday, April 9, 2025 4:18 AM IST
ആലങ്ങാട്: കരിങ്ങാംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഗേറ്റിനു സമീപവും ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന വരാന്തയിലും ഒപി കൗണ്ടറിന്റെ മുന്നിലും മരുന്നു കൊടുക്കുന്ന സ്ഥലത്തുവരെ തെരുവുനായ്ക്കൾ കയറി കിടക്കുകയാണ്.
ഓടിക്കാൻ ശ്രമിച്ചിട്ടും നായ്ക്കൾ പോകുന്നില്ലെന്നാണു രോഗികളുടെ പരാതി. പലപ്പോഴും കുരച്ചുകൊണ്ടു ചാടിവരുന്നതിനാൽ ആളുകൾക്ക് ആശുപത്രിയുടെ അകത്തേക്കു കയറാൻ പോലും പേടിയാണ്. ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട്, കൊങ്ങോർപ്പിള്ളി, ഒളനാട്,ചിറയം, പള്ളത്തുനാട്, ചേരപ്പാടം തുടങ്ങിയ പലയിടത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ മുൻകൈയെടുക്കണമെന്നാണ് ആവശ്യം.