നഗരത്തെ മഞ്ഞയണിയിച്ച് കണിക്കൊന്നകൾ പൂത്തുലഞ്ഞു
1541033
Wednesday, April 9, 2025 4:10 AM IST
മൂവാറ്റുപുഴ: കണ്ണിന് കുളിർമയേകി മൂവാറ്റുപുഴ നഗരത്തെ മഞ്ഞയണിയിക്കാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു. മേടപ്പുലരിക്ക് ഒരാഴ്ച കൂടി ബാക്കിയാണെങ്കിലും നഗരത്തിലെ കാവുംപടി, ആരക്കുഴ, തൊടുപുഴ റോഡുകളിലെല്ലാം കൊന്നകൾ പൂത്തുലഞ്ഞു. മഴയിലും കാറ്റിലും ഞെട്ടറ്റുവീണ കൊന്നപൂക്കൾ മരത്തിന് ചുറ്റും മഞ്ഞപരവതാനി വിരിക്കുന്നത് കൗതുക കാഴ്ചയായി മാറി.
മൂവാറ്റുപുഴയിൽ നിന്ന് ആരക്കുഴയിലേക്കും തൊടുപുഴ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോവുന്ന റോഡരികുകളിലും വീടുകളുടെ മുറ്റവുമെല്ലാം മഞ്ഞവസന്തത്താൽ നിറയുകയാണ്.
തുടർച്ചയായെത്തുന്ന വേനൽമഴ കാരണം വിഷുവെത്തും മുൻപേ കൊന്നപ്പൂക്കൾ കൊഴിഞ്ഞു പോയാൽ വിഷുക്കണി ഒരുക്കാൻ മൂവാറ്റുപുഴക്കാർ നന്നേപാടുപെടും. മുൻ വർഷങ്ങളിൽ കൊന്നപ്പൂ ലഭിക്കാൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ കച്ചവടക്കാർ പ്ലാസ്റ്റിക് പൂക്കൾ വിപണിയിലെത്തിച്ചിരുന്നു.