മാടപ്പള്ളി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനം പൂര്‍ത്തിയായി
1548163
Monday, May 5, 2025 7:29 AM IST
ചങ്ങനാശേരി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മാടപ്പള്ളി ബ്ലോക്കിലെ ലോക്കല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി, വാകത്താനം പഞ്ചായത്തുകളില്‍നിന്നുള്ളവരാണ് പരിശീലനം നേടിയത്.
കേരള നോളജ് ഇക്കോണമി മിഷന് പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സേവന മാതൃകയിലും ജനപങ്കാളിത്തത്തോടെയും കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഓരോ വാര്‍ഡില്‍നിന്നും റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുത്തത്. ഇവരാണ് വിജ്ഞാനകേരളം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സഹായിക്കുന്നത്.
കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ തദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിജ്ഞാനകേരളം. ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന് കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കെ. പദ്ധതി വിശദീകരിച്ചു. കില റിസോഴ്സ് പേഴ്സണ്‍മാരായ വി.ടി. കുര്യന്, രഞ്ജിത്ത് രവീന്ദ്രന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.