വിശാലകാഴ്ചപ്പാട് സമുദായ വളർച്ചയ്ക്ക് അനിവാര്യം: മാർ പെരുന്തോട്ടം
1548149
Monday, May 5, 2025 7:17 AM IST
മാന്നാനം: വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലകളിലും സമുദായാംഗങ്ങളുടെ കാഴ്ചപ്പാടുകൾ മാറണമെന്നും വിശാലമായ കാഴ്ചപ്പാട് എല്ലാ തലങ്ങളിലും സ്വീകരിക്കുവാനും ഏതു ജോലിയും ചെയ്യാനുള്ള ആഗ്രഹവും മനസും പുതുതലമുറയ്ക്ക് ഉണ്ടാകണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കത്തോലിക്ക കോൺഗ്രസ് ജന്മദിന സമ്മേളനവും വടക്കൻ മേഖല സമുദായ സംഗമവും മാന്നാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് കത്തോലിക്ക എന്ന പദത്തിന്റെ അർത്ഥം. സമൂഹത്തിൽ പിന്നോക്കം പോകുന്നവരെ കണ്ടില്ലെന്നു നടിക്കേണ്ടവരല്ല കത്തോലിക്കർ. അതുകൊണ്ടുതന്നെ സമുദായാംഗങ്ങൾ എല്ലാവരും പരസ്പരം സഹായിച്ചും പ്രോത്സാഹിപ്പിച്ചും മുന്നേറുന്ന ഒരു പ്രവർത്തന ശൈലി രൂപപ്പെടുത്തണമെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറെവീട്ടിൽ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് ആമുഖ പ്രഭാഷണവും ഗ്ലോബൽ പ്രസിഡന്റ് രാജീവ് ജോസഫ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തി.
മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി, അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, കുടമാളൂർ ഫൊറോന ഡയറക്ടർ ഫാ. ജെന്നി കായംകുളത്തുശേരി, ഭാരവാഹികളായ കുഞ്ഞ് കളപ്പുര, ജോസ് പാറയ്ക്കൽ, ഷൈനമ്മ ജയിംസ്, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജോയി പാറപ്പുറം, സൈബു കെ. മാണി എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിങ്കൽ പ്രാർഥനയും പുഷ്പാർച്ചനയും നടത്തി. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ സന്ദേശം നൽകി. നിധീരിക്കൽ മാണിക്കത്തനാർ സ്മാരക നഗറിൽ കൺവീനർ കുഞ്ഞ് കളപ്പുര പതാക ഉയർത്തി. ഫ്രാൻസിസ് മാർപാപ്പ, വിശുദ്ധ ചാവറയച്ചൻ, നിധീരിക്കൽ മാണിക്കത്തനാർ എന്നിവരുടെ ഛായാ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
ഗ്ലോബൽ സെക്രട്ടറി ഡോ. ജേക്കബ് നിക്കോളാസ്, അതിരൂപത വൈസ് പ്രസിഡന്റുമാരായ ജോർജുകുട്ടി മുക്കത്ത്, റോസിലിൻ കെ. കുരുവിള, ഭാരവാഹികളായ ജിനോ ജോസഫ് കളത്തിൽ, ചാക്കപ്പൻ ആന്റണി, ജോബി ചൂരക്കുളം, സെബാസ്റ്റ്യൻ വർഗീസ്, പി.സി. കുഞ്ഞപ്പൻ, ജെസി ആന്റണി, ലിസി ജോസ്, മനു ജെ. വരാപ്പള്ളി, ജോർജ് വർക്കി, സിനി പ്രിൻസ് എന്നിവർ നേതൃത്വം നൽകി.