കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ അപകട പരമ്പര
1547938
Sunday, May 4, 2025 11:31 PM IST
കുറവിലങ്ങാട്: സെൻട്രൽ ജംഗ്ഷനിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സെൻട്രൽ ജംഗ്ഷനിൽ രണ്ട് അപകടങ്ങളാണ് നടന്നത്. തടിലോറി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇടിച്ച് തകർത്തതാണ് ഒരു അപകടം. ഡ്രൈവറും യാത്രക്കാരും ഓട്ടോറിക്ഷയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഇരുചക്രവാഹനത്തിലെത്തിയവരെ ഇടിച്ച് തെറിപ്പിച്ചതാണ് രണ്ടാമത്തെ അപകടം. ഈ അപകടത്തിൽ ഇരുചക്രവാഹനത്തിലെ രണ്ടു പേർക്കു പരിക്കേറ്റു.
ബസ് വേ ഇല്ലാത്ത പ്രധാന ടൗൺ
എംസി റോഡിൽ കുറവിലങ്ങാടിനേക്കാൾ പ്രാധാന്യം കുറഞ്ഞ പലസ്ഥലങ്ങളിലും എംസി റോഡ് വികസനത്തിൽ ബസ് വേയും ടാക്സി പാർക്കിംഗ് ക്രമീകരണവും ഒരുക്കിയെങ്കിലും കുറവിലങ്ങാട്ട് ഇതൊന്നും ഉണ്ടായില്ല. നിലവിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിലാണ് ബസുകൾ യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കാൻ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടൽ ആവശ്യമാണ്.
ശാസ്ത്രീയതയില്ലാത്ത മീഡിയനും ട്രാഫിക് ലൈറ്റും
മതിയായ ശാസ്ത്രീയ പഠനങ്ങളില്ലാതെയാണ് സെൻട്രൽ ജംഗ്ഷനിൽ മീഡിയനും ട്രാഫിക് ലൈറ്റും സ്ഥാപിച്ചിട്ടുള്ളത്. ട്രാഫിക് ലൈറ്റുകളിലൊന്ന് അടുത്തനാളിൽ വാഹമനിടിച്ച് തകർത്തു. ഇത് മീഡിയനിലെടുത്തുവച്ച് അടുത്ത അപകടത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. സീബ്രാലൈൻ ഉപയോഗിക്കാൻ മീഡിയനിലൂടെ കയറിയിറങ്ങേണ്ട ഗതികേടിലാണ് കാൽനട യാത്രക്കാർ.
ഗതാഗത ഉപദേശകസമിതി വിളിച്ചുചേർക്കണം
ടൗണിൽ നടത്തേണ്ട അടിയന്തര ഇടപെടലുകൾ സംബന്ധിച്ച് ഗതാഗത ഉപദേശക സമിതി വിളിച്ചുചേർക്കണം. പോലീസും മോട്ടോർ വാഹനവകുപ്പും ജനപ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതി ഇപ്പോൾ കടലാസിൽ ഉറങ്ങുകയാണ്. ഇക്കാര്യത്തിൽ അധികൃതർ ഉറക്കം വിട്ടുണരണം.