ഹോളി മാഗി ഫൊറോന പള്ളി മണിമലയെ വിശ്വാസത്തണലിലേക്ക് കൈപിടിച്ച ദേവാലയം: വി.ഡി. സതീശൻ
1547651
Sunday, May 4, 2025 3:46 AM IST
മണിമല: ഇരുനൂറ് വർഷക്കാലം മണിമല ഗ്രാമത്തിലെ ജനസമൂഹത്തെ വിശ്വാസത്തിന്റെ തണലിലേക്ക് കൈപിടിച്ചുയർത്തിയ ദേവാലയമാണ് ഹോളി മാഗി ഫൊറോന പള്ളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മണിമല ഹോളി മാഗി ഫൊറോന പള്ളി ദ്വിശതാബ്ദിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആതുരശുശ്രൂഷാ സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കൾ എല്ലാ മതവിശ്വാസത്തിലുംപെട്ട ആളുകളാണ്. സ്കൂളുകളിൽ പ്രവേശനമില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്ക് ആദ്യമായി വിദ്യാഭ്യാസം നൽകിയത് ക്രൈസ്തവ വിദ്യാലയങ്ങളാണെന്നും സതീശ ൻ കൂട്ടിച്ചേർത്തു.
ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. അധ്വാനിക്കുന്ന കർഷകന് എന്നും ദൈവവിശ്വാസം ശക്തമായിരുന്നുവെന്നും മണിമലയിലെ പൂർവികർ നല്ല കർഷകരായിരുന്നുവെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ക്രൈസ്തവ സംസ്കാരം ഉള്ളിടത്തെല്ലാം മതസൗഹാർദമുണ്ട്. കേരളത്തിൽ ഇത്രയും മതസൗഹാർദമുണ്ടെങ്കിൽ, ജാതി വ്യവസ്ഥയൊക്കെ വളരെ ദുർബലമായി പോയിട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ക്രൈസ്തവ വിദ്യാലയങ്ങളാണ്. ആ വിദ്യാലയങ്ങളുടെ സംസ്കാരങ്ങളാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നതെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി ആശംസപ്രസംഗവും സമ്മാനദാനവും നിർവഹിച്ചു. വികാരി ഫാ. മാത്യു താന്നിയത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. എമേഴ്സൺ, ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർഥപാദസ്വാമി, അൽ ഹാഫിസ് നൗഷാദ് റഷാദി, പഞ്ചായത്ത് പ്രസിഡന്റുമാരായ സിറിൾ തോമസ്, പി.ടി. അനൂപ്, പഞ്ചായത്തംഗങ്ങളായ അതുല്യ ദാസ്, സുനി സജി, ജനറൽ കൺവീനർ ജോസ് വർഗീസ് കൂനംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി മൂങ്ങാനിയിൽനിന്നു പള്ളിയിലേക്കു നടത്തിയ സാംസ്കാരിക ഘോഷയാത്ര വികാരി ഫാ. മാത്യു താന്നിയത്ത്, ഫാ. മാത്യു പുളിച്ചമാക്കൽ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കറിക്കാട്ടൂർ കവലയിൽനിന്ന് ആരംഭിച്ച ടൂവീലർ ഫാൻസിഡ്രസ് മത്സരം മണിമല-മൂങ്ങാനി ചുറ്റി ഫൊറോന പള്ളി അങ്കണത്തിൽ സമാപിച്ചു.
മണിമല എസ്എച്ച്ഒ വി.കെ. ജയപ്രകാശ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് ചിറയിൽ, ജോസ് വർഗീസ്, ജോസ് കൊള്ളിക്കൊളവിൽ എന്നിവർ നേതൃത്വം നൽകി.