കാഞ്ഞിരപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ പരാതികൾ കുറയുന്നു
1547640
Sunday, May 4, 2025 3:39 AM IST
കാഞ്ഞിരപ്പള്ളി: താലൂക്ക് വികസന സമിതി യോഗത്തിൽ പരാതിക്കാരും പരാതികളും കുറയുന്നു. ഇന്നലെ നടത്തിയ യോഗത്തിൽ ആറു പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ പരാതികൾ ഒന്നുതന്നെ ലഭിച്ചില്ല.
പതിനഞ്ചും ഇരുപതും പരാതികൾ ലഭിച്ചുകൊണ്ടിരുന്നിടത്താണ് ഇപ്പോൾ പരാതികൾ ഒന്നുതന്നെ ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. യോഗത്തിൽ പലപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതു പരാതികൾ കുറയുന്നതിന് കാരണമാകുന്നതായി യോഗത്തിൽ പങ്കെടുക്കുന്നവർ പറയുന്നു.
പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിലെ പൊന്നുംവില ഓഫീസിന്റെ പ്രവർത്തനം അവസാനിക്കാറായതിനാൽ എരുമേലി വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കലിന്റെ ഓഫീസായി ഇവിടം പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം, ദേശീയ പാതയിൽ മുണ്ടക്കയം പൈങ്ങന ഭാഗത്ത് റോഡിന്റെ വശത്ത് കാടുകയറിയും മണ്ണിടിഞ്ഞും കിടക്കുന്നതു കാൽനടയാത്രക്കാർക്കു ദുരിതം സൃഷ്ടിക്കുന്നു, മുണ്ടക്കയം പൈങ്ങന ഭാഗത്തെ വൈദ്യുതി പോസ്റ്റിലെ ബൾബുകൾ കത്തുനില്ല, ചാരുവേലി - മുക്കട - എരുമേലി റോഡിലെ വെള്ളക്കെട്ട്, താലൂക്കിലെ ലഘുഭക്ഷണശാലകളിൽ ഫുഡ് ആൻഡ് സേഫ്റ്റി പരിശോധന നടത്തണം, കാളകെട്ടി പിഎച്ച്സിലെ ഡോക്ടർമാരുടെ കുറവ് പരിശോധിക്കണം തുടങ്ങിയ പരാതികളാണ് ലഭിച്ചത്. പരാതികൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കൈമാറാൻ യോഗത്തിൽ തീരുമാനിച്ചു.
മിനിസിവില്‍ സ്റ്റേഷന് ഹാളില്‍ നടത്തിയ താലൂക്ക് വികസന സമിതി യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, തഹസിൽദാർ പി.എസ്. സുനിൽകുമാർ, എംപി, എംഎൽഎമാരുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.