ബോണ്ടിംഗ് ഫാമിലീസ് പദ്ധതി ലോഗോ പ്രകാശനം ചെയ്തു
1547868
Sunday, May 4, 2025 7:25 AM IST
കോട്ടയം: സാമൂഹ്യതിന്മകള്ക്കെതിരേ അവബോധത്തോടൊപ്പം സഹായഹസ്തവും ഒരുക്കുവാന്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്, സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ചൈതന്യ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷീബ എസ്വിഎം, സിജോ തോമസ്, ഫെലിക്സ് സിറിയക് എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ആറിനു രാവിലെ 10.30ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ചിക്കാഗോ രൂപത വികാരിജനറാള്‍ ഫാ. തോമസ് മുളവനാല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപതയിലെ സന്യാസ സമൂഹ പ്രതിനിധികളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.