വീട്ടുമുറ്റത്ത് ഒരു മീറ്റർ നീളമുള്ള പയർ വിളഞ്ഞു
1547936
Sunday, May 4, 2025 11:31 PM IST
കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് ഒരു മീറ്റർ നീളമുള്ള പയർ വിളഞ്ഞു. കാഞ്ഞിരപ്പള്ളി ഹൗസിംഗ് ബോർഡ് കോളനിയിൽ താമസിക്കുന്ന വാഴയ്ക്കാപ്പാറ ബിജുമോൻ ഇമ്മാനുവലിന്റെ വീട്ടുമുറ്റത്താണ് ഈ വിളവ്.
വീടിനോടു ചേർന്നുള്ള സ്ഥലത്ത് മുളപ്പിച്ച് പാകിയ ചുവന്ന ഹൈബ്രിഡ് പയർ വിത്തിൽ നിന്നാണ് ഈ വിളവ് ലഭിച്ചത്. മാത്രമല്ല ആറ് മൂട് പയർച്ചെടിയിൽനിന്ന് ദിവസവും മികച്ച വിളവ് ലഭിച്ചുകൊണ്ടിരിക്കുന്നു. വീട്ടിലെ അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്ന ബയോഗ്യാസ് പ്ലാന്റിൽനിന്ന് ലഭിക്കുന്ന വെള്ളവും ചാണകപ്പൊടിയും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. കീടങ്ങളിൽനിന്നും ചാഴിയിൽനിന്നും പയർ കൃഷിയെ സംരക്ഷിക്കുന്നതിനായി പയർപന്തലിൽ നീറിനെ വളർത്തുക മാത്രമാണ് ചെയ്യുന്നത്.
വീടിനോട് ചേർന്നുള്ള ചെറിയ സ്ഥലത്തുനിന്ന് വീട്ടാവശ്യങ്ങൾക്കുള്ള മറ്റ് പച്ചക്കറികളും ബിജു കൃഷി ചെയ്യുന്നുണ്ട്. മുന്പ് ഒരു മൂട് കപ്പയിൽനിന്ന് 45 കിലോ വരെ വിളവ് ലഭിച്ചിരുന്നു. മ്യൂച്ചൽ ഫണ്ട് ബിസിനസിന്റെ ബാക്കി സമയങ്ങൾ ഉപയോഗപ്പെടുത്തിയാണ് ബിജു കൃഷി ചെയ്യുന്നത്.