റെയില്‍പാത ഇരട്ടിപ്പിക്കൽ : നഗരസഭ വിട്ടുകൊടുത്ത ഭൂമിയുടെ നഷ്ടപരിഹാരം കൈപ്പറ്റാനാകാത്തത് വിവാദമാകുന്നു
1547866
Sunday, May 4, 2025 7:25 AM IST
കോട്ടയം: കോട്ടയംവഴി കടന്നുപോകുന്ന മുളന്തുരുത്തി-ചെങ്ങന്നൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റെയില്‍വേയ്ക്ക് വിട്ടുകൊടുത്ത വസ്തുക്കളുടെ നഷ്ടപരിഹാരത്തുകയായ 6.67 കോടി രൂപ കോട്ടയം നഗരസഭയ്ക്ക് ഇപ്പോഴും കൈപ്പറ്റാനാകാത്തത് വിവാദമാകുന്നു.
വസ്തുക്കളുടെ ഉടമസ്ഥാവാകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ നഗരസഭയ്ക്ക് കഴിയാത്തതിനാലാണ് തുക ലഭ്യമാകാത്തതെന്ന് 2023-24 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലതാമസം ഒഴിവാക്കി നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ഏഴ് സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമിയാണ് റെയില്‍വേ ഏറ്റെടുത്തത്. അഡീഷണല്‍ ജില്ലാ കോടതിയില്‍ (സ്പെഷല്‍) കെട്ടിവച്ചിരിക്കുകയാണ് തുക. രേഖകള്‍ ഹാജരാക്കിയാലേ തുക വിട്ടുകിട്ടൂ. എന്നാല്‍, വസ്തുക്കളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും നഗരസഭയിലില്ല. 2023ലെ കൗണ്‍സില്‍ തീരുമാനം അനുസരിച്ച് പഴയ മിനിറ്റ്സ് ബുക്കും കേസ് രേഖകളും ആര്‍ക്കിയോളജി വകുപ്പില്‍നിന്നു ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അക്കാലത്തെ മിനിറ്റ്സ് ലഭ്യമായില്ല.
ഒരു സര്‍വേ നമ്പറിലുള്‍പ്പെട്ട ഭൂമിയുടെ വിവരം മാത്രമാണ് പഴയ ആസ്തി രജിസ്റ്ററില്‍നിന്നു ലഭ്യമായത്. റെയില്‍പാത ഇരട്ടിപ്പിക്കല്‍ നഷ്ടപരിഹാരത്തുക പുനര്‍നിര്‍ണയിക്കുന്നതിന് 2024 മാര്‍ച്ചില്‍ എല്‍എ സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ നടത്തിയ ഹിയറിംഗില്‍ രേഖകള്‍ 2024 ഫെബ്രുവരിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല.
ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരേ പ്രതിഷേധം നടത്തിവരുന്ന എല്‍ഡിഎഫ് ഈ വിഷയം ശക്തമായി ഉന്നയിക്കാനൊരുങ്ങുകയാണ്. അതേസമയം, ആവശ്യമായ രേഖകള്‍ ഉടന്‍ സമര്‍പ്പിച്ച് നഷ്്ടപരിഹാരത്തുക ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരുമായി വാക്കേറ്റം: യോഗത്തില്‍നിന്ന് ചെയര്‍പേഴ്സണ്‍ ഇറങ്ങിപ്പോയി
കോട്ടയം: നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാരുമായി വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്ന് ചെയര്‍പേഴ്സൺ ഇറങ്ങിപ്പോയി. കുടുംബശ്രീ യോഗത്തിനിടെ പ്രസംഗം നിര്‍ത്താന്‍ പരസ്യമായി ആവശ്യപ്പെട്ടെന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് സമിതി ചെയര്‍പേഴ്സണ്‍ ദീപാമോളുടെ ആരോപണമാണ് ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനെ ചൊടിപ്പിച്ചത്. ഇതോടെ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ബിന്‍സി സെബാസ്റ്റ്യന്‍ കാബിനിലേക്കു മടങ്ങുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയര്‍ന്ന ഓവര്‍സിയറെ ചെയര്‍പേഴ്സണ്‍ സംരക്ഷിക്കുകയാണെന്ന ഭരണപക്ഷ കൗണ്‍സിലര്‍ എം.എ. ഷാജിയുടെ പരാതിയും കൗണ്‍സിലിനെ ബഹളമയമാക്കി.
കുടുംബശ്രീ യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപമോള്‍ സംസാരിക്കുന്നതു വിലക്കിയെന്ന വിഷയം പ്രതിപക്ഷ നേതാവ് ഷീജ അനിലാണ് ഉന്നയിച്ചത്. ഇതേച്ചൊല്ലി ഏറെനേരം ഷീജ അനിലും ചെയര്‍പേഴ്സണും തമ്മില്‍ വാക്കേറ്റമുണ്ടായി. ചെയര്‍പേഴ്സണ്‍ അസഹിഷ്ണുതയാണെന്നും ഷീജ അനില്‍ ആരോപിച്ചു. അവസാനം ബിന്‍സി സെബാസ്റ്റ്യന്‍ ഇറങ്ങിപ്പോവുകയായിരുന്നു.