കത്തോലിക്ക കോണ്‍ഗ്രസ് ജന്മദിനവും സമുദായ സംഗമവും ഇന്ന് മാന്നാനത്ത്
1547879
Sunday, May 4, 2025 7:35 AM IST
ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടനയുടെ 107-ാമത് ജന്മദിന സമ്മേളനവും വടക്കന്‍ മേഖല സമുദായ സംഗമവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാന്നാനത്ത് നടക്കും.
ഗ്ലോബല്‍ സമിതിയുടെ ആഹ്വാനമനുസരിച്ച് ഇന്നു രാവിലെ എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടിനു കത്തോലിക്ക കോണ്‍ഗ്രസ് രൂപമെടുത്ത മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തില്‍ അതിരൂപത ഭാരവാഹികള്‍ പുഷ്പാര്‍ച്ചന നടത്തും. പ്രാര്‍ഥനകള്‍ക്ക് ഫാ. കുര്യന് ചാലങ്ങാടി സിഎംഐ നേതൃത്വം നല്‍കും. തുടർന്ന് 2.30ന് മാന്നാനം കെഇ സ്കൂളിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ ജന്മദിന സമ്മേളനം നടക്കും. അതിരൂപതയുടെ വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതവഹിക്കുന്ന സമ്മേളനം മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, അതിരമ്പുഴ ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ആലുങ്കല്‍, കുടമാളൂര്‍ ഫൊറോന ഡയറക്ടര്‍ ഫാ. ജെന്നി കായംകുളത്തുശേരി, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ജിനോ ജോസഫ്, രാജേഷ് നന്തികാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.