കറുത്ത പൊന്നിന് തിരിച്ചടി; ഇക്കൊല്ലവും ഉത്പാദനം കുറയും
1547925
Sunday, May 4, 2025 11:31 PM IST
കോട്ടയം: പൊന്നുംവിലയില്‍ മോഹിപ്പിച്ച കറുത്ത പൊന്നിന് അപ്രതീക്ഷിത തിരിച്ചടി. കിലോയ്ക്ക് 721 രൂപയെന്ന റിക്കാര്‍ഡ് കയറ്റത്തിനുശേഷം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് 21 രൂപ ഇടിഞ്ഞു. വടക്കേ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ശ്രീലങ്കന്‍ കുരുമുളകിന്റെ വലിയ തോതിലുള്ള വരവുണ്ടായതാണ് വിലയിടിയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് കിലോ 698 രൂപയാണ് ഇന്നലെ വില. ഗാര്‍ബിള്‍ഡ് വില 718 രൂപയായി കുറഞ്ഞു. ഏപ്രില്‍ രണ്ടാം വാരമാണ് അണ്‍ഗാര്‍ബിള്‍ഡിന് കിലോയ്ക്ക് 721 രൂപ വരെ കയറിയത്. 15 വര്‍ഷം മുന്‍പാണ് ഇതിനു മുന്‍പ് 720 രൂപയ്ക്കുമേല്‍ വില വന്നത്.
ഇക്കൊല്ലം കേരളത്തിലും കര്‍ണാടകത്തിലും വിളവു കുറഞ്ഞത് സ്റ്റോക്കുള്ള കര്‍ഷകര്‍ക്ക് നേട്ടമായി. കാലാവസ്ഥാവ്യതിയാനം മൂലം മുന്‍ വര്‍ഷത്തെക്കാള്‍ 20 ശതമാനം ഉത്പാദനം കുറവാണ്. അടുത്ത സീസണിലും ഉത്പാദനം കുറയുമെന്നാണ് സൂചന.
വില 750 കടന്നേക്കുമെന്ന പ്രതീക്ഷയില്‍ കുരുമുളക് സ്റ്റോക്ക് ചെയ്തവര്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. കിലോയ്ക്ക് 690 രൂപ നിരക്കില്‍ ശ്രീലങ്കന്‍ മുളക് വിപണിയില്‍ കിട്ടാനുണ്ട്. മരുന്ന്, മസാലക്കമ്പനികള്‍ ശ്രീലങ്കന്‍ കുരുമുളകിനോട് പ്രത്യേക താത്പര്യം കാട്ടുന്നതായി കച്ചവടക്കാര്‍ പറയുന്നു.
ജൂണില്‍ ശ്രീലങ്കയില്‍ അടുത്ത വിളവെടുപ്പ് തുടങ്ങുന്ന സാഹചര്യത്തില്‍ വിലമാന്ദ്യം തുടരാനാണ് സാധ്യത. വിയറ്റ്നാം, ഇന്തോനേഷ്യാ കുരുമുളകും എത്താനിരിക്കെ ഇവിടത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയുണ്ടായേക്കാം.