ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ; മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലേക്ക് സിപിഐ
1547646
Sunday, May 4, 2025 3:39 AM IST
കോട്ടയം: ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലേക്ക് സിപിഐ. ഓഗസ്റ്റ് എട്ടു മുതല്‍ 10 വരെ വൈക്കത്ത് ജില്ലാ സമ്മേളനം നടക്കും. ചുവപ്പുസേന മാര്‍ച്ച്, പ്രകടനം, പൊതുസമ്മേളനം, സാംസ്കാരിക സമ്മേളനം, വിവിധ സെമിനാറുകള്‍ അനുബന്ധപരിപാടികള്‍ എന്നിവയോടെ വിപുലമായ രീതയിലാണ് ജില്ലാ സമ്മേളനം നടത്തുന്നത്. അഖിലേന്ത്യാ സംസ്ഥാന നേതാക്കള്‍ ജില്ലാ സമ്മേളനത്തിനായി എത്തും.
ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം സമ്മേളനം വൈക്കത്ത് ആരംഭിച്ചു. ഇന്നു സമാപിക്കും. 11 മണ്ഡലം കമ്മിറ്റികളാണു ജില്ലയില്‍ സിപിഐക്കുള്ളത്.
ഒമ്പത് നിയോജക മണ്ഡലങ്ങള്‍ക്കു പുറമേ തലയോലപ്പറമ്പും മുണ്ടക്കയവുമാണ് മറ്റു രണ്ടു മണ്ഡലങ്ങള്‍. മൂന്നു ടേം പൂര്‍ത്തിയായ മണ്ഡലം സെക്രട്ടറിമാര്‍ സമ്മേളനത്തില്‍ മാറും. യുവാക്കളെയും വനിതകളെയും കൂടുതലായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥന നേൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവ രുമായി രണ്ടു വിഭാഗങ്ങള്‍ ജില്ലയിലുണ്ടായിരുന്നു. കാനത്തിന്റെ നിര്യാണത്തോടെ ഇപ്പോള്‍ പൂര്‍ണമായും സംസ്ഥാന നേതൃത്വത്തിനൊപ്പമാണ് ജില്ലാ കമ്മിറ്റി.
കഴിഞ്ഞ തവണ ഏറ്റുമാനൂര്‍ സമ്മേളനത്തില്‍ അപ്രതീക്ഷിതമായി വോട്ടെടുപ്പിലൂടെ സെക്രട്ടറിയായ വി.ബി. ബിനു ഇത്തവണയും സെക്രട്ടറിയായി തുടരാനാണ് സാധ്യത. മറ്റാരുടെയും പേരുകള്‍ ഇപ്പോള്‍ പരിഗണനയിലില്ല.
മുന്‍കാലങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മുമായി സിപിഐക്കു പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു കുറഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസ് -എം മുന്നണിയിലെത്തിയതോടെ സിപിഐയുടെ പ്രാതിനിധ്യം മുന്നണിയില്‍ കുറയുന്നതായും സിപിഎം കേരള കോണ്‍ഗ്രസിനോടു കൂടുത ൽ താത്പര്യം കാട്ടുന്നതായും താഴേതട്ടിലുള്ള സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അതേപോലെ സിപിഐ മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ചും ബ്രാഞ്ച്, ലോക്കല്‍ തലങ്ങളില്‍ വിമർശനമുണ്ട്.