പൈങ്ങന മുതൽ 31-ാം മൈൽ വരെ അപകടങ്ങൾ വർധിക്കുന്നു
1547633
Sunday, May 4, 2025 3:39 AM IST
മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന മുതൽ 31ാംമൈൽ വരെയുള്ള ഭാഗങ്ങളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു.
റോഡിന്റെ വശങ്ങളിലെ അനധികൃത വാഹന പാർക്കിംഗാണ് അപകടങ്ങൾ വർധിക്കുവാൻ ഇടയാക്കുന്നതെന്ന് ആക്ഷേപം ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലോളം അപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചത്.
റോഡിന്റെ വശങ്ങളിൽ മാസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ വരെ ഉണ്ട്. നിരപ്പായ റോഡിലൂടെ വളവ് തിരിഞ്ഞ് വേഗത്തിൽ വാഹനങ്ങൾ വരുമ്പോൾ അനധികൃത വാഹന പാർക്കിംഗ് മൂലം അപകടങ്ങൾ സംഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ ഇതുമൂലം കാൽനടയാത്രക്കാർക്ക് സുഗമമായി നടക്കാനും സാധിക്കുന്നില്ല.
കാലങ്ങളായി റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മാറ്റി അപകടങ്ങൾ ഒഴിവാക്കുവാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.