പെണ്ണാർ തോടിന് ആഴംകൂട്ടൽ നടപടികൾ അന്തിമഘട്ടത്തിൽ
1548146
Monday, May 5, 2025 7:17 AM IST
അതിരമ്പുഴ: അതിരമ്പുഴയുടെ ദീർഘകാല ആവശ്യം യാഥാർഥ്യമാകുന്നു. പെണ്ണാർ തോടിന് ആഴംകൂട്ടാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കുമരകത്തുനിന്ന് അതിരമ്പുഴയിലേക്ക് ചെറുബോട്ടുകളും വള്ളങ്ങളുമെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ.
നിലവിൽ പോളയും പായലും വള്ളിപ്പടർപ്പുകളും നിറഞ്ഞ് ഒഴുക്കുനിലച്ച അവസ്ഥയിലാണ് പെണ്ണാർ തോട്. മുമ്പ് വള്ളങ്ങളും ചെറിയ ശിക്കാര ബോട്ടുകളും തോട്ടിലൂടെ അതിരമ്പുഴ ചന്തക്കടവിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ നാലു വർഷങ്ങളായി പോളയും പായലും മറ്റും നീക്കം ചെയ്യാതായതോടെ തോട്ടിൽ തടസങ്ങൾ ഉണ്ടാകുകയും ഒഴുക്കു നിലയ്ക്കുകയും ചെയ്തു.
ഇപ്പോൾ പെണ്ണാർ തോട് നവീകരണത്തിനായി പഞ്ചായത്തിന് ലഭിച്ച 50 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടക്കാൻ പോകുന്നത്. 15 മീറ്റർ വീതിയിൽ 1.5 മീറ്റർ ആഴത്തിൽ ചെളി നീക്കം ചെയ്യാനാണ് പദ്ധതി. ദേശീയ ജലപാതയായ പെണ്ണാർ തോടിന്റെ നവീകരണം പഞ്ചായത്തിനു നേരിട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ മേജർ ഇറിഗേഷൻ വകുപ്പിനാണ് നവീകരണച്ചുമതല. തോട് നവീകരണത്തിനായി പഞ്ചായത്തിനു ലഭിച്ച 50 ലക്ഷം രൂപ പഞ്ചായത്ത് മേജർ ഇറിഗേഷൻ വകുപ്പിന് കൈമാറിക്കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കിയാലുടൻ നവീകരണ പ്രവൃത്തികൾ ആരംഭിക്കും.
അതിരമ്പുഴയിൽ ഉത്ഭവിച്ച് കുമരകം ചീപ്പുങ്കലിൽ വേമ്പനാട് കായലിൽ ചെന്നു ചേരുന്ന പെണ്ണാർ തോട് നവീകരിക്കുന്നതോടെ ചെറിയ ശിക്കാര ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചാരികളെ അതിരമ്പുഴ ചന്തക്കടവിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
മാന്നാനം പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനൊപ്പം നടയ്ക്കപ്പാലംകൂടി ദേശീയ ജലപാത മാനദണ്ഡങ്ങൾക്കനുസൃതം നിർമിച്ചാൽ അതിരമ്പുഴയ്ക്ക് ഗുണകരമാകുന്ന ടൂറിസം പദ്ധതികൾ രൂപപ്പെടുത്താൻ സാധിക്കും.