എട്ടിയാകരി -കൈപ്പുഴയ്ക്കല് തോട്ടില്‍ നീരൊഴുക്ക് കൂട്ടാനുള്ള ജോലിയാരംഭിച്ചു
1548161
Monday, May 5, 2025 7:29 AM IST
പായിപ്പാട്: പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലുള്ള എട്ടിയാകരി-കൈപ്പുഴയ്ക്കല് തോട്ടില്‍നിന്നും എക്കലും ചെളിയും നീക്കം ചെയ്ത് തോടിന് ആഴം കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എക്കലും ചെളിയും അടിഞ്ഞ് തോട്ടിലെ നീരൊഴുക്ക് തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കാനുള്ള പദ്ധതിക്കാണ് തുടക്കംകുറിച്ചത്.
തോടിന്റെ ആഴം കൂട്ടുന്നതിലൂടെ രണ്ടാം കൃഷിയിറക്കാനും കര്‍ഷകരുടെ നെല്ല് കയറ്റിവിടുന്ന പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും അതുപോലെ തന്നെ പാടശേഖരത്തിലേക്കു വെള്ളം കയറ്റുവാനും സാധിക്കും. 8.5 ലക്ഷം രൂപ മുടക്കിയാണ് പ്രവൃത്തി ചെയ്യുന്നത്. എംഎല്‍എയുടെ അടിയന്തര ഇടപെടലിലൂടെയാണ് പദ്ധതി നടപ്പാക്കാനായത്.
മേജര്‍ ഇറിഗേഷന്‍ എ.ഇ. ജെപ്സണ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനീന സൂസന് സക്കറിയ, പായിപ്പാട് കൃഷി ഓഫീസര്‍ ആല്‍ബി എന്നിവര്‍ പ്രസംഗിച്ചു.