മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ സമാപനം ഇന്ന്
1547867
Sunday, May 4, 2025 7:25 AM IST
അതിരമ്പുഴ: മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഒരു വർഷം നീണ്ട ശതാബ്ദിയാഘോഷങ്ങൾ ഇന്നു സമാപിക്കും. ഇന്നു വൈകുന്നേരം നാലിന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. മണ്ണാർകുന്ന് ഇടവകാംഗങ്ങളായ വൈദികർ സഹകാർമികരാകും.
വൈകുന്നേരം ആറിന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ശതാബ്ദി സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ശതാബ്ദി സ്മരണികയും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ‘സ്നേഹ വഴിയിൽ ഒരു ദേവാലയം’ ഡോക്യുമെന്ററിയും പ്രകാശനം ചെയ്യും.
ഫ്രാൻസിസ് ജോർജ് എംപി, അതിരമ്പുഴ ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, എഫ്സിസി ചങ്ങനാശേരി ദേവമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ ബ്രിജി എഫ്സിസി, മണ്ണാർകുന്ന് പള്ളി വികാരി ഫാ. ഏബ്രഹാം തർമശേരി, ഇടവക വൈദികരുടെ പ്രതിനിധി ഫാ. മാത്യു കാഞ്ഞിരംകാല, ജനറൽ കൺവീനർ എൽ.വി. ജോമോൻ ളാപ്പള്ളി എന്നിവർ പ്രസംഗിക്കും.
ശതാബ്ദി സമാപന പരിപാടികളുടെ ഭാഗമായി തലപ്പള്ളിയായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽനിന്ന് മണ്ണാർകുന്ന് പള്ളിയിലേക്ക് വികാരി ഫാ. ഏബ്രഹാം തർമശേരിയുടെ നേതൃത്വത്തിൽ വിശ്വാസ പ്രഘോഷണ റാലി നടത്തി. അതിരമ്പുഴ പള്ളി വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. ശതാബ്ദി സ്മാരകമായി നിർമിച്ച ഗ്രോട്ടോയുടെ ആശീർവാദവും നടത്തി.
കുടിൽരഹിത ഇടവകയായി മണ്ണാർകുന്ന് ഇടവകയെ മാറ്റാനുള്ള പദ്ധതി ശതാബ്ദിയോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും ഇന്നു നടക്കും.