ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: പാർട്ടികളിലും മുന്നണികളും ഒരുക്കങ്ങള്‍ തുടങ്ങി
1547645
Sunday, May 4, 2025 3:39 AM IST
കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിച്ചതോടെ പാര്‍ട്ടികളും മുന്നണികളും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രമുഖ കക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും നേരത്തെതന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണസ്തംഭനവും അഴിമതിയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിപക്ഷം സമരപരിപാടികള്‍ തുടങ്ങിയതോടെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭരണസമിതികളും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഭരണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടന്നതോടെ വികസനപദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്തും പഞ്ചായത്ത്, ബ്ലോക്ക്, നഗര ഭരണസമിതികളും.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിനായിരുന്നു മുന്നേറ്റം. ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചതിനു പുറമേ ബ്ലോക്ക് പഞ്ചായത്തുകളും ഭൂരിഭാഗം പഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. നഗരസഭകളില്‍ യുഡിഎഫിനായിരുന്നു നേട്ടം. രണ്ടു പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് ബിജെപി ഗ്രാമ, നഗര വാര്‍ഡുകളില്‍ കരുത്തുകാട്ടി.
മഹാത്മ കുടുബസംഗമവുമായി കോണ്‍ഗ്രസ്
കോട്ടയം: എഐസിസിയുടെ പ്രത്യേക നിര്‍ദേശപ്രകാരമുള്ള മുന്നൊരുക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനായി ഡിസിസി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കു മാത്രമായി ജില്ലാ നേതൃയോഗങ്ങള്‍ കോണ്‍ഗ്രസ് ഉടന്‍ ചേരും. പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ വിളിച്ചുചേര്‍ത്താണ് കോണ്‍ഗ്രസ് മുന്നൊരുക്കം നടത്തുന്നത്.
കുടുംബസംഗമങ്ങളില്‍ പരമാവധി വനിതകളെയും യുവജനങ്ങളെയും പങ്കെടുപ്പിക്കാനു നിര്‍ദേശമുണ്ട്. ഇതു കൂടാതെ ഡിസിസി ഭാരവാഹികള്‍ക്കും കെപിസിസി ഭാരവാഹികള്‍ക്കും ഒരോ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ചുമതല നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഇത്തവണയും സ്ഥാനാര്‍ഥികളെ നേരത്തേ കണ്ടെത്തും. ഇതിനായി ബ്ലോക്ക് തലത്തില്‍ പ്രത്യേക സ്ക്രീനിംഗ് നടത്തും. പതിവായി മത്സരിക്കുന്നവരെ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. വിവിധ ഗ്രൂപ്പുകളും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
യുഡിഎഫ് നേതൃത്വത്തില്‍ പ്രതിപക്ഷത്തായിരിക്കുന്ന ഭരണസമിതികളില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രാദേശികമായി സമരപരിപാടികളും ആരംഭിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ച് തദ്ദേശ ഒരുക്കം തുടങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റാണ് ജോസഫ് ഗ്രൂപ്പ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡ്, മണ്ഡലം തലത്തിലും ക്യാമ്പുകള്‍ നടത്തി സീറ്റും സ്ഥാനാര്‍ഥിയെയും കണ്ടെത്തും. മുസ്ലിം ലീഗും തങ്ങളുടെ സ്വാധീനമേഖലയില്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
വികസനയാത്രയും പ്രക്ഷോഭ പരിപാടികളുമായി എല്‍ഡിഎഫ്
കോട്ടയം: എല്‍ഡിഎഫില്‍ സിപിഎം നേരത്തേ ഒരുക്കങ്ങള്‍ ആരംഭിച്ചു. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും ലോക്കല്‍ സെക്രട്ടറിമാര്‍ക്കും ശില്പശാല സംഘടിപ്പിച്ചിരുന്നു. പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കാമ്പയിനും സിപിഎം ആരംഭിച്ചു. വിശദമായ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ മുഴുവന്‍സമയ ജില്ലാ കമ്മിറ്റി യോഗം 10നു ചേരും.
സിപിഐ രണ്ടു ദിവസത്തെ പ്രവര്‍ത്തന ക്യാമ്പ് നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള സംഘടനാ ഒരുക്കം ആരംഭിച്ചത്. സമ്മേളനം നടക്കുന്ന സമയമാണെങ്കിലം ഇത്തവണ 300 വാര്‍ഡ് സീറ്റുകള്‍ കൂടുതല്‍ നേടാനുള്ള തയാറെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് -എം ജില്ലാ ക്യാമ്പ് നടത്തിയാണ് തദ്ദേശ ഒരുക്കം ആരംഭിച്ചത്. വാര്‍ഡ്, മണ്ഡലം, നിയോജക മണ്ഡലം സമ്മേളനങ്ങള്‍ ഉടന്‍ ചേരും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവനസന്ദര്ശനവുമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ നേരത്തേ തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് ക്യാമ്പുകളില്‍ തീരുമാനം. ജനതാദള്‍, എന്‍സിപി, കോണ്‍ഗ്രസ് -എസ്, കേരള കോണ്‍ഗ്രസ് -ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും സീറ്റുകളും സ്വാധീനവും ഉറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.
എല്‍ഡിഎഫ് നേതൃത്വത്തിലും ഒരുക്കങ്ങളുണ്ട്. ഭരണമുള്ള പഞ്ചായത്ത്, നഗരസഭകളില്‍ വികസനസന്ദേശ യാത്രകളും, ഭരണമില്ലത്ത ത്രിതല പഞ്ചായത്തുകളില്‍ ഭരണസമിതിക്കെതിരേയുള്ള പ്രക്ഷോഭ യാത്രകളും നടത്തിയുള്ള വിപുലമായ കാമ്പയിനാണ് എല്‍ഡിഎഫ് ആരംഭിക്കാന്‍ പോകുന്നത്. നഗരസഭകള്‍ കേന്ദ്രീകരിച്ച് ശക്തായ സമരപരിപാടികള്‍ എല്‍ഡിഎഫ് ആരംഭിച്ചു കഴിഞ്ഞു.
ഭവന സമ്പര്‍ക്കവുമായി ബിജെപി
കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു പഞ്ചായത്തുകളില്‍ ഭരണവും പല പഞ്ചായത്തുകളിലും നഗരസഭകളിലും നിര്‍ണായകമായ സ്വാധീനവും നേടയ ബിജെപി ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങളാണ് ഇതിനോടകം നടത്തി കഴിഞ്ഞിരിക്കുന്നത്. ‘’മാറാത്തത് മാറും’’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം മഹായോഗം ആറിന് കോട്ടയത്ത് നടക്കും. പുതിയ ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ തദ്ദേശ തെരഞ്ഞെടുപ്പു ചുമതലക്കാരും ഇതില്‍ പങ്കെടുക്കും.
യോഗത്തില്‍ തദ്ദേശ ഒരുക്കത്തിനുള്ള വിപുലമായ പ്ലാന്‍ തയാറാക്കും. ഇതിനു പുറമേ മഹാസമ്പര്‍ക്കം എന്ന പേരില്‍ വാര്‍ഡുതലത്തില്‍ ഭവന സന്ദര്‍ശനവും ബിജെപി നടത്തുന്നുണ്ട്. ജില്ലയിലെ ആറു നഗരസഭകളിലും ഭരണം പിടിക്കാനുള്ള രീതിയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കാമ്പയിനും ബിജെപി ആരംഭിച്ചു കഴിഞ്ഞു.