പാലാ ജനറല്‍ ആശുപത്രിയിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്ന് താലൂക്ക് വികസന സമിതി
1547641
Sunday, May 4, 2025 3:39 AM IST
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ഗവൺമെന്റ് ജനറല്‍ ആശുപത്രിയിലെ ബഹുനില കെട്ടിടത്തിലെ വൈദ്യുതീകരണത്തില്‍ അപാകതയുണ്ടോയെന്നു പരിശോധിക്കണമെന്നും ഫയര്‍ ആന്‍ഡ് റസ്ക്യൂ സംവിധാനവും കെട്ടിട നിര്‍മാണത്തിലെ അപാകതയും പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നും താലൂക്കു വികസന സമിതി നിര്‍ദേശം നൽകി.
പൊതുമരാമത്ത് വൈദ്യുതി വിഭാഗം ബില്‍ഡിംഗ് ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നു സംയുക്തമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുവാനാണ് നിര്‍ദേശം. ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയില്‍ രാഷ്ട്രീയ ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി പീറ്റര്‍ പന്തലാനിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതം ശ്രദ്ധയില്‍പ്പെടുത്തി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്കുവാന് വികസന സമിതിയോഗം നിര്‍ദേശം നല്കി.
ഹോസ്പിറ്റല്‍ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതിയില്ലാതെയും മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാതെയും ഇലക്ടിക് ഇന്‍സ്പെക്ടറേറ്റിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണു ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നും സമിതിയംഗങ്ങള്‍ പരാതിപ്പെട്ടു.
കെഎസ്ഇബി ഡിവിഷന്റെ കീഴിലുള്ള 11 സെക്ഷനിലും ജോലിക്കാരുടെ കുറവ് മൂലം വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ പെട്ടെന്ന് സാധിക്കുന്നില്ലെന്നു കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയര്‍ യോഗത്തില്‍ അറിയിച്ചു. എല്ലാ സെക്ഷനിലും ആവശ്യമായ ജീവനക്കാരെ നിയമിച്ചു നല്‍കുന്നതിന് ശ്രമം നടത്താന്‍ യോഗത്തില്‍ പങ്കെടുത്ത മാണി സി. കാപ്പന് എംഎല്‍എയോട് സമിതിയംഗങ്ങളും പഞ്ചായത്തു പ്രസിഡന്റുമാരും ആവശ്യപ്പെട്ടു.
പൊതുമരാത്ത് റോഡുകളുടെ ഇരുവശങ്ങളും തടികളും കല്ലും മണ്ണും കൂട്ടിയിട്ടും സ്ഥലങ്ങള്‍ കൈയേറിയും നിയന്ത്രണമില്ലാതെ പെട്ടിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും ഗതാഗത തടസവും അപകടവും ഉണ്ടാക്കുന്നുവെന്ന സമിതിയംഗങ്ങളുടെ പരാതിയില്‍ നടപടി സ്വീകരിക്കുവാന്‍ തഹസില്‍ദാര്‍ നിര്‍ദേശം നൽകി.
സ്ഥാപനങ്ങളിലും വീടുകളിലും ജോലിക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ അഡ്രസും രേഖകളും ഉള്‍പ്പെടെ സ്ഥാപന ഉടമകളും അവരെ എത്തിച്ചു നല്കുന്ന കോണ്ട്രാക്ടര്മാരും അതതു പോലീസ് സ്റ്റേഷന് പരിധിയില്‍ അറിയിച്ചു രേഖകള്‍ സൂക്ഷിക്കുകയും ലേബര്‍ ഓഫീസില്‍ അറിയിച്ചു രജിസ്റ്റര്‍ നടത്തുകയും ചെയ്യണമെന്നും അറിയിച്ചു.