പൊളിച്ചുമാറ്റാൻ തീരുമാനിച്ച മൃഗാശുപത്രിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി
1547882
Sunday, May 4, 2025 9:57 PM IST
എരുമേലി: ഗവൺമെന്റ് മൃഗാശുപത്രി കെട്ടിടം പൊളിച്ചു നിർമിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചപ്പോൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ. ഇതോടെ കെട്ടിടം പൊളിക്കാൻ കഴിയാതെ വെട്ടിലായി പഞ്ചായത്ത് കമ്മിറ്റി.
പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മൃഗാശുപത്രി കെട്ടിടം അപകടാവസ്ഥയിലായെന്ന് വിലയിരുത്തിയാണ് പൊളിച്ചുമാറ്റാൻ കഴിഞ്ഞയിടെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിച്ചത്. ഗുണനിലവാരമില്ലാത്ത പണികൾ നടത്തി കെട്ടിടം നിർമിച്ചതു മൂലമാണ് അപകടാവസ്ഥയിലായതെന്ന് കമ്മിറ്റി വിലയിരുത്തി. ഇതേത്തുടർന്ന് മൃഗാശുപത്രിയുടെ പ്രവർത്തനം പഞ്ചായത്ത് ഓഫീസ് റോഡിൽ പെൻഷൻ ഭവന് സമീപമുള്ള സ്വകാര്യ വാടകക്കെട്ടിടത്തിലേക്ക് മാറ്റി.
തുടർന്നാണ് കെട്ടിടം പൊളിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കെട്ടിടം അൺ ഫിറ്റ് ആണെന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറോട് ആവശ്യപ്പെട്ടത്.
എന്നാൽ, താൻ നടത്തിയ പരിശോധനയിൽ കെട്ടിടം അൺ ഫിറ്റ് ആണെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് എൻജിനിയർ അറിയിച്ചത്. തുടർന്ന് കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ ഇനി കെട്ടിടം പൊളിച്ചുമാറ്റാൻ കഴിയില്ല. അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് നീക്കം. കെട്ടിടം അൺ ഫിറ്റ് ആണെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചാലാണ് പൊളിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുക. ഇതിനുള്ള മാർഗങ്ങൾ അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടിവരും.
താഴത്തെ നിലയിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും മുകളിൽ മൃഗാശുപത്രിയുമാണ് കെട്ടിടത്തിലുള്ളത്. 2007 ജനുവരിയിലാണ് ഇരുനില കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തത്.
ഇതിനു ശേഷം 2010 ഫെബ്രുവരിയിൽ ഇതിനടുത്ത് കൃഷിഭവന് ശിലാസ്ഥാപനം നടത്തി. കൃഷിഭവനു വേണ്ടി ഒരു ഹാൾ നിർമിച്ച ശേഷം പണികൾ നിലച്ചു. സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ താഴെ നിലയിൽ കൃഷിഭവന്റെ പ്രവർത്തനം മാറ്റിയതോടെയാണ് പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് കൃഷിഭവന് നിർമിച്ചിരുന്ന ഹാൾ വേണ്ടെന്നു വച്ചത്.
മൃഗാശുപത്രിയുടെ തൊട്ടടുത്ത് ശുചിത്വ സമുച്ചയവും നിർമിച്ചിരുന്നു. ശബരിമല സീസണിൽ ലേലം ചെയ്താണ് ശുചിത്വ സമുച്ചയം പ്രവർത്തിപ്പിച്ചിരുന്നത്. മൃഗാശുപത്രിയും ഹോമിയോ ഡിസ്പെൻസറിയും ശുചിത്വ സമുച്ചയവും കൃഷിഭവനു വേണ്ടി നിർമിച്ച ഹാളും ഉൾപ്പെടെ മൊത്തം പൊളിച്ചുമാറ്റി പുതിയ കെട്ടിട സമുച്ചയം നിർമിക്കാനാണ് ഇപ്പോൾ പദ്ധതി തയാറാക്കിയിരിക്കുന്നത്. മൃഗാശുപത്രി നിർമാണത്തിന് മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പും ലഭിച്ചിരുന്നു.